ഇന്ത്യയിലെ ആദ്യത്തെ മഖ്ബറക്ക് കണ്ണൂരില്‍ സല്‍ സബീല്‍ തുടക്കം കുറിക്കുന്നു
Monday, June 9, 2014 5:52 AM IST
ജിദ്ദ: കാലാനുസൃതമായി വര്‍ധിക്കുന്ന ജനുസംഖ്യക്കനുസരിച്ച് മരണാനന്തരം വിശ്രമം കൊള്ളേണ്ട ഖബറിടങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന ഭീതിജനകമായ ഭാവി സാഹചര്യത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നൂതനമായ സാങ്കേതിക വിദ്യകളോടെ സൌദി അറേബ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന പോലെ മഖ്ബറക്ക് ഇന്ത്യയിലെ ആദ്യത്തെ സംരംഭം കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ തുടങ്ങുന്നതിന്റെ പ്രഖ്യാപനം സല്‍ സബീല്‍ ട്രസ്റ് നടത്തി.

ഇംപാല ഗാര്‍ഡനില്‍ നടന്ന മഖ്ബറ പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം കെഎംസിസി നാഷണല്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.

നമ്മുടെ പ്രദേശങ്ങളില്‍ നിരവധി പള്ളികള്‍ ഉണ്ടാകുന്നുണ്െടങ്കിലും അതിനോടനുബന്ധിച്ചു മയ്യത്തുകള്‍ മറവു ചെയ്യാനുള്ള സ്ഥലങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അതോടൊപ്പം തന്നെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഒരു പുതിയ തലമുറ നമുക്കന്യമാകുകയാണെന്നും കെ.പി ഉദ്ഘാടന പ്രസംഗത്തില്‍ ആശങ്ക പങ്കുവച്ചു.

1400 ല്‍ പരം ഖബറുകള്‍ സജ്ജീകരിക്കുകയും മയ്യത്ത് കുളിപ്പിക്കല്‍ അടക്കമുള്ള എല്ലാ കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കാനുതകുകയും ചെയ്യുന്ന ഈ മഹത്തായ സംരംഭത്തിനു എല്ലാവരുടെയും പിന്തുണ നല്‍കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു.

മഖ്ബറ പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ചു നിര്‍മിച്ച 'സല്‍സബീല്‍' ഹൃസ്വ സിനിമയുടെ സിഡി പ്രകാശനം മജീദ് നഹ, പി.ടി അബ്ദുള്‍ ഷുക്കൂറിനു നല്‍കി നിര്‍വഹിച്ചു. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകന്‍ ഷാനി നിര്‍വഹിച്ചു. തുടര്‍ന്ന് മഖ്ബറ പദ്ധതി പ്രവാസി സമൂഹത്തിനു മുന്നില്‍ സമീര്‍ കോയക്കുട്ടി അവതരിപ്പിച്ചു. നൂതനമായ സാങ്കേതിക വിദ്യകളോടെ 4.25 ഏക്കര്‍ (1700 സ്ക്വയര്‍ മീറ്റര്‍) സ്ഥലത്ത് പണിയുന്ന 1401 കബറുകള്‍, മയ്യത്ത് കുളിപ്പിക്കാനും കഫന്‍ ചെയ്യാനുമുള്ള നൂതന സംവിധാനങ്ങളോടുകൂടിയ മഗ്സല, സൌജന്യ ആംബുലന്‍സ് സര്‍വീസ്, മയ്യത്ത് കുളിപ്പിക്കല്‍ പരിശീലന ക്ളാസ്, വിശാലമായ നമസ്കാര സ്ഥലം, സൌജന്യ കുടിവെള്ള പദ്ധതി തുടങ്ങിയ സൌകര്യങ്ങളെല്ലാം അദ്ദേഹം അവതരിപ്പിച്ചു.

സല്‍സബീല്‍ സിനിമയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ചവച്ച ഹസ്ന ഹംനക്കുള്ള ഉപഹാരം മോഹന്‍ ബാലന്‍ വിതരണം ചെയ്തു. അനിവാര്യമായ മരണവും ജനനമെന്ന പ്രതിഭാസവും കോര്‍ത്തിണക്കി തീര്‍ത്തൂം പ്രവാസികളുടെ ഒരു കലാ സൃഷ്ടിയാണ് 'സല്‍സബീല്‍' എന്ന ഹ്രസ്വ സിനിമ.

സമീര്‍ കോയകുട്ടി കഥയും ഗാനരചനയും നിര്‍വഹിച്ച് ഷാനി പടിഞ്ഞാറെപുര സംവിധാനം നിര്‍വഹിച്ച സിനിമയുടെ തിരക്കഥ കൊമ്പന്‍ മൂസയും സംഗീതം കെ.ജെ കോയയും ആലാപനം സയിദ് മഷ്ഹൂദ് തങ്ങളുമാണ് നിര്‍വഹിച്ചിരിക്കുന്നത്. നാദിര്‍ഷ ശബ്ദ സജ്ജീകരണം നിര്‍വഹിക്കുകയും സൈഫുദ്ദീന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയിരുന്നു. ജമാല്‍ പാഷ, ഹസ്ന ഹംന, കെ.ജെ കോയ, ജെ. നാസര്‍, മൂസ കൊമ്പന്‍, ഷബീബ്, റഹീമോന്‍, സമീര്‍ പെരുവമാണ, ബഷീര്‍ തൊട്ടിയന്‍, അദ്നു ഷബീര്‍, ഷക്കീബ്, സൈഫു വളശേരി, സുല്‍ഫിക്കര്‍ എന്നവരാണ് അഭിനയിച്ചിരിക്കുന്നത്.

ഡോ. ഇസ്മയില്‍ മരിതേരി മുഖ്യ പ്രഭാഷണം നടത്തി. സി.കെ ശാക്കിര്‍ ,ഉസ്മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, അഡ്വ. മുനീര്‍, ഗോപി നടുങ്ങാടി, പ്രഫസര്‍ റൈനോള്‍ഡ്, അല്‍സബീല്‍, നസീര്‍ ബാവകുഞ്ഞു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിക്ക് ബഷീര്‍ തൊട്ടിയന്‍ സ്വാഗതം ആശംസിച്ചു. കൊമ്പന്‍ മൂസ നന്ദി പറഞ്ഞു. സകീര്‍ കോയകുട്ടി ഖിറാഅത്ത് നടത്തി.

മഹത്തായ ഈ സംരംഭത്തില്‍ സഹകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 0556971527 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ സല്‍സബീല്‍ ചാരിറ്റബിള്‍ ട്രസ്റ് കാനറ ബാങ്ക് കണ്ണൂര്‍ 113 920 100 1452 അക്കൌണ്ട് നമ്പര്‍ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍