സഖാവ് അനിയന് ന്യൂയോര്‍ക്കില്‍ യാത്രാമൊഴി
Monday, June 9, 2014 1:16 AM IST
ന്യൂയോര്‍ക്ക്: ജീവിച്ച് കൊതി തീരാതെ നിത്യതയിലേക്ക് പറന്നകന്ന സ്നേഹനിധിയായ ജിവീതസഖി ലളിതയെക്കുറിച്ചോര്‍ത്ത് എപ്പോഴും വിലപിച്ചിരുന്ന സഖാവ് അനിയന്‍ (സ്കറിയാ മാത്യു) പ്രിയപ്പെട്ടവളുടെ ഒന്നാം വാര്‍ഷികത്തില്‍ നിര്യാതനായി.

സ്നേഹമധുര സംഭാഷണവും, കുസൃതി തമാശകളും, വിപ്ളവ പ്രസ്ഥാനത്തോടും, കമ്യൂണിസ്റ് പാര്‍ട്ടിയോടുമുള്ള അടങ്ങാത്ത അഭിനിവേശവും കൈമുതലായി ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തില്‍ കാല്‍നൂറ്റാണ്ടിലുപരി നിറഞ്ഞ സാന്നിധ്യമായിരുന്ന സഖറിയാ മാത്യു (62) ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (ജൂണ്‍ നിലിന്) അന്തരിച്ചത്. വെള്ളിയാഴ്ച നടന്ന പൊതുദര്‍ശനത്തിലും, ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങുകളിലും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട അനേകം പേര്‍ സഖാവ് അനിയന് അന്തിമോപചാരമര്‍പ്പിച്ചു.

മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ തിങ്ങിനിറഞ്ഞ മലയാളി സമൂഹത്തെ സാക്ഷിയാക്കി നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാ നോര്‍ത്ത് ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മിത്വം വഹിച്ചു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ.ഫാ. അലക്സ് കെ. ജോയി, സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സഹോദരീ പുത്രനായ റവ.ഫാ. അജു മാത്യൂസ്, റവ.ഡോ. സി.തെ. രാജന്‍, റവ.ഫാ. സണ്ണി ജോസഫ്, റവ.ഫാ.ടി.എ. തോമസ്, വെരി റവ ആദായി ജേക്കബ് കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ഡോ. വര്‍ഗീസ് ദാനിയേല്‍, വെരി റവ. സി.ജെ. ജോണ്‍സണ്‍ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍, റവ.ഫാ. ജോ കാരിക്കുന്നേല്‍ തുടങ്ങി ഒട്ടനവധി വൈദീകര്‍ സഹകാര്‍മികത്വം വഹിച്ചു.

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയിലെ സജീവാംഗമായിരുന്ന സഖറിയാ മാത്യു സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആയുഷ്കാല അംഗവും, ഈവര്‍ഷത്തെ മാനേജിംഗ് കമ്മിറ്റിയംഗവുമായിരുന്നു. ഫോമാ വൈസ് പ്രസിഡന്റും കമ്യൂണിറ്റി ബോര്‍ഡ് പ്രസിഡന്റുമായ ക്യാപ്റ്റര്‍ രാജു ഫിലിപ്പ്, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ്. പ്രകാശ്, കേരള സമാജം സെക്രട്ടറി ചാക്കോ മാണി (സാജന്‍), സണ്ണി കോന്നിയൂര്‍, ഫിലിപ്പ് വര്‍ഗീസ് തൈക്കൂടം (സെക്രട്ടറി, സെന്റ് ജോര്‍ജ് ചര്‍ച്ച്), റെജി വര്‍ഗീസ് (ട്രഷറര്‍) എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം