വര്‍ഗീയ കക്ഷികള്‍ അധികാരത്തല്‍ വന്നതിന് ഉത്തരവാദി കോണ്‍ഗ്രസ്: പിസിഎഫ്
Saturday, June 7, 2014 8:14 AM IST
ജിദ്ദ: വര്‍ഗീയ കക്ഷികള്‍ വ്യക്തമായ മേധാവിത്വത്തോടെ അധികാരത്തില്‍ വന്നതിന്റെ പ്രധാന കാരണം കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും അമിതമായ വിലക്കയറ്റവും അഴിമതിയുമായിരുന്നുവെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

31 ശതമാനം വോട്ടുമാത്രം നേടിയ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വന്നതിന്റെ മറ്റൊരു കാരണം മതേതര വോട്ടുകളുടേയും മതേതര പാര്‍ട്ടികളുടേയും ഭിന്നിപ്പാണെന്നും രാജ്യത്തെ 69 ശതമാനം ജനങ്ങളും ഇവര്‍ക്കെതിരായാണ് വോട്ട് രേഖപ്പെടുത്തിയതെന്നും പിസിഎഫ് അഭിപ്രായപ്പെട്ടു. പരാജയത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ മതേതര പാര്‍ട്ടികള്‍ തയാറാകണമെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യുവാനുള്ള പിഡിപി തീരുമാനം ശരിയായിരുന്നുവെന്ന് കേരളത്തില്‍ തെരഞ്ഞടുപ്പു ഫലം തെളിയിച്ചതായും കമ്മിറ്റി വിലയിരുത്തി.

കോഴിക്കോട്ടെ ഒരു അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതിലെ സാങ്കേതികമായ പിഴവുകളും നടപടി ക്രമത്തില്‍ പാലിക്കേണ്ട പോരായ്മയും പുകമറയാക്കി അനാഥാലയങ്ങള്‍ക്കും ന്യൂനപക്ഷ സമുദായത്തിനും നേരെ നടത്തുന്ന ചില മാധ്യമങ്ങളുടെയും മറ്റു ചില ഉത്തരവാദിത്തപ്പെട്ട നേതാക്കളുടേയും ക്രൂരമായ വിലകുറഞ്ഞ കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം തിരിച്ചറയണമെന്നും പിസിഎഫ് ആവശ്യപ്പെട്ടു.

കേരളത്തിലെ കുട്ടികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ പോയി പൈസ മുടക്കിയും അല്ലാതെയും പഠിക്കാം എന്നിരിക്കെ അന്യ സംസ്ഥാനങ്ങളിലെ പാവങ്ങളായ വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് വരരുതെന്നും അനാഥായങ്ങളില്‍ പഠിച്ച് നല്ല വിദ്യാഭ്യാസം നേടാന്‍ പാടില്ലെന്ന ചിലരുടെ അഭിപ്രായം രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥക്കും ഒരു ഇന്ത്യന്‍ പൌരന് രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ജോലി ചെയ്യാനും പഠിക്കാനും താമസിക്കാനും അവകാശമുണ്െടന്ന ഭരണഘടന അനുവദിച്ച് തന്നിട്ടുള്ള അവകാശം നിഷേധിക്കുന്നതിനും തുല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ശറഫിയ അല്‍നൂര്‍ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കണ്‍വീനര്‍ പി.എ. മുഹമ്മദ് റാസി വൈക്കം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റിയംഗം ദിലീപ് താമരക്കുളം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്‍ റഷീദ് ഓയൂര്‍, അലി കുന്നുംപുറം, യാഖൂബ് ചെമ്മാട്, ഷിഹാബ് പൊന്‍മള, അനീസ് അഴീക്കോട്, കരീം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റര്‍ സ്വാഗതവും അബ്ദുള്‍ നാസര്‍ ചെമ്മാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍