പ്രവാസി അസീസിയ മേഖല അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
Thursday, June 5, 2014 8:16 AM IST
ജിദ്ദ: പ്രവാസി സാംസ്കാരിക വേദി അസീസിയ മേഖലാ കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രഫ. റെയ്നോള്‍ഡ് ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു.

ലോകത്ത് ഏകാധിപതികളും ഫാസിസ്റുകളും എല്ലാക്കാലത്തും മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനാധിപത്യത്തിന്റെ പിന്‍വാതിലിലൂടെയാണ് അധികാരത്തില്‍ വന്നിട്ടുള്ളതെന്നു ചരിത്രമുദ്ദരിച്ച് അദ്ദേഹം വിശദീകരിച്ചു. ഭരണവര്‍ഗം കോര്‍പ്പറേറ്റുകള്‍ക്ക് അടിപ്പെട്ട് അവരുടെ പാദസേവകരായി ചമയുമ്പോള്‍ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായും പണക്കാരന്‍ കൂടുതല്‍ പണക്കരനായും മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി ഓഫ് ഇന്ത്യ ഉയര്‍ത്തിപിടിക്കുന്ന ജനസേവന രഷ്ട്രീയ സംസ്കാരത്തിനു വളരെയേറെ പ്രസക്തിയുണ്െടന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി ജിദ്ദ ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ കല്ലായി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയെ പരിചയപ്പെടുത്തിയ ഖലീലുറഹ്മാന്‍ പാലോട്, ആയിരക്കണക്കിനു ജനകീയ സമരങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ അതിനൊന്നിനുപോലും പരിഹാരം കാണാതെ ഒരു സമരങ്ങളും നിവേദനങ്ങളുമില്ലാതെ അധികാരത്തിലേറി 48 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ സുരക്ഷയേയും പ്രതിരോധമേഖലയെയും കുത്തകകള്‍ക്ക് തുറന്നുകൊടുത്തത് ആരുടെ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് എന്നു തിരിച്ചറിയണമെന്നു അദ്ദേഹം ഓര്‍മപ്പെടുത്തി.

ഖലീലുറഹ്മാന്‍ പാലോട് വെല്‍ഫെയര്‍ പാര്‍ട്ടിയെ പരിചയപ്പെടുത്തി. ഹാരിസ് മൂവാറ്റുപുഴ സ്വാഗതവും സി.എച്ച് ബഷീര്‍ കാസര്‍ഗോഡ് നന്ദിയും പറഞ്ഞു.

അസീസിയ മേഖല അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഖലീലുറഹ്മാന്‍ പാലോട്, കണ്‍വീനര്‍ മുഹമ്മദ്ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ 27 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍