ഷിഹാബ് കൊട്ടുകാടിനെ രാജ്യസഭാ അംഗമാക്കണം: ഷിഫാ മലയാളി സമാജം
Thursday, June 5, 2014 8:13 AM IST
റിയാദ്: പ്രവാസി ഭാരതീയ പുരസ്കാര ജേതാവും നോര്‍ക്ക റൂട്സ് സൌദി ജനറല്‍ കണ്‍സള്‍ട്ടന്റുമായ ശിഹാബ് കൊട്ടുകാടിനെ രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്യണമെന്ന് ശിഫ മലയാളി സമാജം (എസ്എംഎസ്) അഞ്ചാമത് വാര്‍ഷികയോഗം അഭിപ്രായപ്പെട്ടു.

സാധാരണ പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ എന്താണെന്ന് അനുഭവത്തിലൂടെ അറിഞ്ഞവര്‍ നിയമ നിര്‍മാണ സഭയില്‍ എത്തിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് ക്ഷേമം ഉറപ്പു വരുത്താന്‍ കഴിയുകയുളളൂവെന്നും യോഗം അഭിപ്രായപ്പെട്ടു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ക്ളിക്കോണ്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വീടില്ലാത്ത എസ്എംഎസ് അംഗങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന തണല്‍ ഭവന പദ്ധതി പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രവര്‍ത്തക സമിതി അംഗം ആര്‍. രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാവ് മുനമ്പത്ത് വഹാബ് ആശംസകള്‍ നേര്‍ന്നു.

തണല്‍ ഭവന പദ്ധതിയുടെ ഗുണഭോക്താവിനുളള ഒന്നാംഘട്ട സഹായ ധനം വാസുദേവന്‍ തൃശൂരിന് നാസര്‍ അബൂബക്കര്‍ കൈമാറി. ബാങ്കുവായ്പ അടയ്ക്കാന്‍ കഴിയാതെ ജീവിതം വഴിമുട്ടിയ അബു കരിമ്പനക്കു രണ്ടു ലക്ഷം രൂപ ധന സഹായം ജനറല്‍ ബോഡി അംഗങ്ങളും അതിഥികളും ചേര്‍ന്ന് നിമിഷങ്ങള്‍ക്കകം സമാഹരിച്ചത് പ്രവാസികളുടെ ഹൃദയ വിശാലതയും സഹജീവികളോടുളള സ്നേഹവുമാണ് വെളിവാക്കുന്നതെന്ന് സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എസ്എംഎസ് അഖില സൌദി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ റിയാദ് ഇന്ത്യന്‍സ്, ഇവ റിയാദ് എന്നിവര്‍ക്കുളള ഉപഹാരം ഷിഹാബ് കൊട്ടുകാട്, നാസര്‍ അബൂബക്കര്‍ എന്നിവര്‍ സമ്മാനിച്ചു. ഗാനോത്സവം ഗാനമേള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജി ഫൈവ് മ്യൂസിക് ബാന്റിന് കെ.ടി ഹംസ ഷൊര്‍ണൂരും രണ്ടാം സ്ഥാനം നേടിയ റിയാദ് ടാക്കീസിന് മധു വര്‍ക്കലയും സമ്മാനം വിതരണം ചെയ്തു. ക്രിക്കറ്റ്, ഗാനമേള വിജയികള്‍ക്കു സമ്മാനിച്ച കാഷ് അവാര്‍ഡ് ഭവന പദ്ധതിയിലേക്കു സംഭാവന ചെയ്യുന്നതായി ടീം അംഗങ്ങള്‍ പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന എസ്എംഎസ് സെക്രട്ടറി ബിജിന്‍ ബഷീറിനും വിജയകുമാറിനും ഉപഹാരം സമ്മാനിച്ചു. അഷറഫ് വടക്കേവിള, ബഷീര്‍ പാങ്ങോട്, ഷാജി സോണ, ശശി പിളള, ഉബൈദ് എടവണ്ണ, ആര്‍ ബാലചന്ദ്രന്‍, സുധീര്‍ കുമ്മിള്‍, നജിം എം. റാവുത്തര്‍ പ്രസംഗിച്ചു. നാസര്‍ നാഷ്കോ സ്വാഗതവും മധു വര്‍ക്കല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍