'റിസാല തിരുത്തിയെഴുത്തിന് നേതൃത്വം നല്‍കി'
Wednesday, June 4, 2014 7:45 AM IST
റിയാദ്: ബൌദ്ധിക വായനക്കൊപ്പം, തിരുത്തിയെഴുത്തിന് നേതൃത്വം നല്‍കിയാണ് റിസാല മലയാളി മനസില്‍ ഇടം നേടിയതെന്ന് എസ്എസ്എഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അബ്ദുള്‍ കലാം മാസ്റര്‍ മാവൂര്‍ പ്രസ്താവിച്ചു. റിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫില്‍ പ്രസിദ്ധീകരിക്കുന്ന പ്രവാസി റിസാലയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റിസാല സ്റഡി സര്‍ക്കിള്‍ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന യുവജന വര്‍ഷം പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചത്. ഒരു മാസം നീണ്ടു നിന്ന കാമ്പയിനില്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിചേര്‍ന്നു.  പ്രചാരണത്തോടനുബന്ധിച്ച് ശില്‍പശാലകളും വിചിന്തനം മുഖാമുഖം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. വരിക്കാരുടെ എണ്ണത്തില്‍ 60 ശതമാനത്തിലധികം മുന്നേറ്റമാണ് ഈ വര്‍ഷം നേടിയത്.

ആര്‍എസ്സി റിയാദ് സോണ്‍ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം പ്രവാസി റിസാല ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ ലുഖ്മാന്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്തു.

കാമ്പയിന്‍ കാലയളവില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ഘടകങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ ടി.പി. അലിക്കുഞ്ഞി മുസ്ലിയാര്‍, കുഞ്ഞബ്ദുള്ള പേരാമ്പ്ര, അബ്ദുള്‍ നാസര്‍ അഹ്സനി, ഫൈസല്‍ മമ്പാട്, ജാബിറലി പത്തനാപുരം, അബ്ദുള്‍ ബാരി മുസ്ലിയാര്‍, മുജീബ് എറണാകുളം എന്നിവര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍