അന്‍സു ജോര്‍ജിന് ഐഎസ് സി മേയ് ക്വീന്‍ 2014 കിരീടം
Tuesday, June 3, 2014 7:36 AM IST
അബുദാബി: ഐഎസ്സിയില്‍ മേയ് 29 ന് (വ്യാഴം) നടന്ന എന്‍എംസി ഹെല്‍ത്ത് കെയര്‍ യുഎഇ എക്സ്ചേഞ്ച് മേയ് ക്വീന്‍ 2014. സൌന്ദര്യ മത്സരത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ അന്‍സു ജോര്‍ജ് കിരീടം നേടി. ഏറ്റവും നല്ല പുഞ്ചിരിക്കുള്ള സമ്മാനവും അന്‍സു കരസ്ഥമാക്കി. സാറ ജോര്‍ജ് റണ്ണര്‍ അപ് സ്ഥാനവും ഏറ്റവും നല്ല വേഷവിധാനത്തിനുള്ള സമ്മാനവും നേടി. വര്‍ഷ ഗോപാലകൃഷ്ണന്‍ മൂന്നാം സ്ഥാനം നേടി.

ഇന്ത്യന്‍ വംശജരായ 18നും 35നും മധ്യേ പ്രായമുള്ള 14 പെണ്‍കുട്ടികളുടെ ശക്തമായ മത്സരത്തിനു കാണികള്‍ സാക്ഷ്യം വഹിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളോടൊപ്പം യഥാക്രമം 5000, 3000, 2000 ദിര്‍ഹം സമ്മാനത്തുകയും ലഭിച്ചു. ഇതിനു പുറമെ ഏറ്റവും നല്ല പുഞ്ചിരിക്കും വേഷവിധാനത്തിനും ആയിരം ദിര്‍ഹം വീതം സമ്മാനത്തുകയും നല്‍കി.

ഐഎസ് സി വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ് മാത്യുവിന്റെ ആമുഖപ്രസംഗത്തിനുശേഷം ജനറല്‍ സെക്രട്ടറി വിനോദ് രാജഗോപാല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നടരാജന്‍ അധ്യക്ഷപ്രസംഗം നടത്തി. സിറ്റി എഫ്എം 1016 ലെ ലോകേഷ് പരിപാടിയുടെ അവതാരകനായിരുന്നു. വിനോദ വിഭാഗം അസിസ്റന്റ് സെക്രട്ടറി ജോജോ അമ്പൂക്കന്‍ നന്ദി പറഞ്ഞു. പ്രശസ്ത മനഃശാസ്ത്രജ്ഞയും അഭിനേത്രിയുമായ പാര്‍വതി, വ്യവസായ പ്രമുഖനായ വസീം, പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ മനീഷ്, ജെറ്റ് എയര്‍വേയ്സ് ഏരിയ മാനേജര്‍ ബിജു ജോര്‍ജ്, പബ്ളിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റ് കെല്ലി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള