അനാഥാലയങ്ങളെ അഭ്യന്തര വകുപ്പ് അപകീര്‍ത്തിപ്പെടുത്തുന്നു: കെഎംസിസി
Tuesday, June 3, 2014 7:27 AM IST
ദമാം: അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് കെഎംസിസി കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ് ഖാദര്‍ ചെങ്കള, ജനറല്‍സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദാരിദ്യ്രമകറ്റുന്നതില്‍ ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടിയടക്കം പരാജയപ്പെട്ടതിന്റെ ഫലമായിട്ടാണ് അവിടെ നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലത്തുെന്നതെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യവും തേടി കേരളത്തിലെ അനാഥാലയങ്ങളില്‍ എത്തുന്നവരെ മനുഷ്യക്കടത്തെന്ന് പറയുന്നവര്‍ക്കൊപ്പം നിന്നാണ് ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ പ്രതികരിക്കുന്നതെന്നും കെഎംസിസി കുറ്റപ്പെടുത്തി.

വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ അലംഭാവം കാണിച്ചതാണ് വിഷയം ഇത്രയും വഷളാക്കിയത്. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥയുടെ ആഴം സച്ചാര്‍കമ്മിറ്റി വളരെ വ്യക്തമായി വെളിപ്പെടുത്തിയതാണ്. ഒരു ഇന്ത്യന്‍ പൌരന് രാജ്യത്തെ ഏത് സംസ്ഥാനത്തും പഠനാവശ്യാര്‍ഥം സഞ്ചരിക്കാമെന്നിരിക്കെ, ഉത്തരേന്ത്യയിലെ കുട്ടികള്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വരേണ്ടതില്ലെന്ന് മന്ത്രി പ്രസ്താവിച്ചത് രാജ്യ താല്‍പര്യത്തിനെതിരാണ്. ഈ നിലപാട് രാജ്യത്തെ എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണോ എന്നു മന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ ധാരാളം വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്നവരായിരിക്കെ ആഭ്യന്തരമന്ത്രിയെപോലൊരാള്‍ പ്രാദേശിക വാദം ഉയര്‍ത്തുന്നത് ശരിയായ പ്രവണതയല്ല. പഠനാവശ്യാര്‍ഥം വരുന്ന കുട്ടികളെ മനുഷ്യക്കടത്ത്, തീവ്രവാദം, ഭീകര പരിശീലനം എന്നിവയുമായി ബന്ധിപ്പിച്ച് പ്രചാരണം നടത്തുന്നത് സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. ഫലത്തില്‍ സംഘപരിവാറിനാണത് ഗുണം ചെയ്യുക എന്നുകൂടി മന്ത്രി ഓര്‍ക്കണമായിരുന്നു. ഏറ്റവും നല്ല നിലയില്‍ അനാഥശാലകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്.

വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് കണ്ടാണ് വിദ്യാര്‍ഥികളെ കേരളത്തിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നത്. ഇത്തരം സ്ഥാപനങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി കെ. ശ്രീജിത്ത് നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്െടന്നും മനുഷ്യക്കടത്തെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുടെ രേഖകള്‍ ഉറപ്പു വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും പ്രവിശ്യ കമ്മിറ്റി പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം