ഹജ്ജ് കോണ്‍സല്‍ ബി.എസ്. മുബാറക് ജിദ്ദയില്‍ എത്തി
Monday, June 2, 2014 6:19 AM IST
ജിദ്ദ: ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ മുന്‍ ഹജ്ജ് കോണ്‍സല്‍ ബി.എസ്. മുബാറക് ജിദ്ദയില്‍ എത്തി. ഒടുവില്‍ പാലസ്തീനിലെ ഇന്ത്യന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം റാമല്ലയില്‍നിന്ന് ജോര്‍ദാന്‍ വഴിയാണ് ജിദ്ദയില്‍ വന്നത്. കുടുംബസമേതം എത്തിയ മുബാറക് ഞായറാഴ്ച സ്ഥാനം ഏറ്റെടുക്കും.

കഴിഞ്ഞ ഏപ്രിലില്‍ ഫായിസ് അഹമ്മദ് കിദ്വായി സ്ഥലംമാറിപോയ ഒഴിവിലേക്ക് നിയമിതനായ അദ്ദേഹം മേയ് ഒന്നിന് എത്തേണ്ടതായിരുന്നു. ഇത് മുബാറകിന്റെ ജിദ്ദയിലെ രണ്ടാം ഊഴമാണ്. പലസ്തീനിലേക്ക് നിയമിതനാവുന്നതിനുമുമ്പ് 2009 ജൂണ്‍ മുതല്‍ 2012 മാര്‍ച്ച് വരെ മുബാറക് ജിദ്ദയില്‍ ഇന്ത്യന്‍ ഹജ്ജ്, പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോണ്‍സല്‍ ആയിരുന്നു.

കയ്റോ, ദുബായ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങളിലും മുബാറക് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പുണ്യമണ്ണിലേക്ക് തന്നെ വര്‍ധിച്ച ഉത്തരവാദിത്വത്തോടെ തിരിച്ചെത്തുന്നതില്‍ അതിയായ സന്തോഷമുണ്െടന്ന് ജിദ്ദ എയര്‍പോര്‍ട്ടില്‍ അദ്ദേഹം പ്രതികരിച്ചു.

മലയാളം നന്നായി സംസാരിക്കുന്ന പുതിയ കോണ്‍സല്‍ ജനറല്‍ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയാണ്. ചെന്നൈയിലായിരുന്നു അധികവും.

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ടെര്‍മിനലില്‍ സംഘടനാനേതാക്കളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ് നല്‍കി. ഹജ്ജ് കോണ്‍സുല്‍ നൂര്‍ മുഹമ്മദ് ഷേഖ്, പ്രസ് കോണ്‍സുല്‍ ഡോ. ഇര്‍ഷാദ് അഹമ്മദ്, വെല്‍ഫയര്‍ കോണ്‍സുല്‍മാരായ പി.കെ. ജയിന്‍, എഫ്.എം. ഫഹമി, എഡ്യുക്കേഷന്‍ കോണ്‍സുല്‍ രാഗിബ് മുഹമ്മദ് ഖുറൈഷി എന്നിവരും സന്നിഹിതരായിരുന്നു. പ്രവാസി സംഘടനാ പ്രതിനിധികളായ കെ.എം. ഷരീഫ് കുഞ്ഞു, വി.കെ. റഹൂഫ്, പി.പി. റഹീം, കെ.ടി.എ. മുനീര്‍, തമിള്‍സംഘം സിറാജ് എന്നിവര്‍ അദേഹത്തെ സ്വീകരിക്കാനെത്തിയവരില്‍ പെടുന്നു. ഭാര്യ: ലത്തീഫ, മക്കള്‍: മനാല്‍, അബ്ദുള്‍ മന്നാന്‍.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍