ഇന്ത്യ- സൌദി വ്യപാരബന്ധത്തില്‍ വന്‍ കുതിച്ചുചാട്ടം: അംബാസഡര്‍
Wednesday, May 28, 2014 6:35 AM IST
റിയാദ്: ഇന്ത്യയും സൌദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍കുതിച്ചു ചാട്ടമാണ് നടത്തിയതെന്ന് സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു പറഞ്ഞു.

2010ല്‍ 25 ബില്യണ്‍ മാത്രമായിരുന്ന വ്യാപാരം 2014 ല്‍ 48 ബില്യണില്‍ അധികമായത് ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു. സൌദി എനര്‍ജി 2014 പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായെത്തിയ ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികളും സൌദി അറേബ്യയിലെ സ്വദേശികളും വിദേശികളുമായ ബിസിനസുകാരും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ല്‍ 25 ബില്യണ്‍ മാത്രമായിരുന്ന വ്യാപാരം 2014 ല്‍ 48 ബില്യണില്‍ അധികമായത് ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു.

സൌദി ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്ക് (എസ്ഐബിഎന്‍) ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പെട്രോളിയം ഉത്പന്നങ്ങളിലാണ് പ്രധാനമായും ഇന്ത്യയും സൌദി അറേബ്യയും തമ്മില്‍ വ്യാപാരം നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റ് മേഖലകളിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ എന്‍ജിനിയറിംഗ് മേഖലയിലും ഇലക്ട്രോണിക്സ് ഇലക്ട്രിക്കല്‍ രംഗത്തും ഇന്ത്യയും സൌദി അറേബ്യയും തമ്മിലുള്ള വ്യാപാരം വര്‍ധിക്കുമെന്നും അംബാസഡര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ സൌദി ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്കിന്റെ വെബ്സൈറ്റ് അംബാസഡര്‍ ഉദ്ഘാടനം ചെയ്തു. 2013 ല്‍ സ്ഥാപിതമായ എസ്ഐബിഎന്‍ ഇതുവരെ ഇന്ത്യയും സൌദി അറേബ്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കുന്നതിനായി ഇത്തരം ആറോളം മുഖാമുഖം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

25 കമ്പനികളാണ് ഇത്തവണ സൌദി എനര്‍ജി 2014 പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പവലിയനില്‍ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും ധാരാളം വ്യാപാര അന്വേഷണങ്ങള്‍ വരുന്നതായും കമ്പനി പ്രതിനിധികള്‍ പറഞ്ഞു. പുതിയ ഒട്ടേറെ കമ്പനികളുമായും ഏജന്‍സികളുമായും കരാറിലെത്താനും സാധിച്ചിട്ടുണ്െടന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലിന് ഇന്ത്യന്‍ പവലിയന്‍ അംബാസഡര്‍ ഹാമിദ് അലി റാവു ഉദ്ഘാടനം ചെയ്തിരുന്നു.

റിയാദ് ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ മൂന്നു ദിവസം നടക്കുന്ന പ്രദര്‍ശനം ഇന്നു സമാപിക്കും. എന്‍ജിനിയറിംഗ് എക്സ്പോര്‍ട്ട്സ് പ്രമോഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ഇഇപിസിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തിനെത്തിയത്. മുഖാമുഖം പരിപാടിയില്‍ ഇഇപിസി പ്രതിനിധി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സൌദി അറേബ്യയുടെ സാമ്പത്തിക പുരോഗതിയും വ്യവസായ വാണിജ്യ സാധ്യതകളും വിശദീകരിച്ചുകൊണ്ട് പ്രമുഖ ഓഡിറ്റിംഗ് കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗിന്റെ പ്രതിനിധി പ്രസംഗിച്ചു.

അംബാസഡറോടൊപ്പം ഡിസിഎം സിബി ജോര്‍ജും പങ്കെടുത്ത മുഖാമുഖം പരിപാടിക്ക് ഇന്ത്യന്‍ എംബസി കൊമേഴ്സ് വിഭാഗം ഫസ്റ്റ് സെക്രട്ടറി സുരീന്ദര്‍ ഭഗത് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍