ശ്രമിച്ചാല്‍ കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാവുന്നതേ ഉള്ളൂവെന്ന് അഡ്വ. എസ് മമ്മു
Monday, May 26, 2014 5:27 AM IST
ജിദ്ദ: എല്ലാ മഹലുകളും ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ കേരളത്തിലെ പവര്‍കട്ട് ഒഴിവാക്കാന്‍ പറ്റുമെന്ന് അഡ്വ. എസ് മമ്മു. എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ജിദ്ദ മഹല്‍ ഷിഫ ജിദ്ദ ക്ളിനിക് ഓഡിറ്റോറിയത്തില്‍ മഹല്‍ ശാക്തീകരണം എന്ന വിഷയത്തില്‍ സംഘടിച്ച ക്ളാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് നടുവില്‍ നടപ്പാക്കിയ വിവിധ പരീക്ഷണങ്ങളുടെ വിജയഗാഥ അദ്ദേഹം പരാമര്‍ശിച്ചു. അവിടെനടത്തിയ മുപ്പത്തെട്ടോളം മോട്ടിവേഷന്‍ ക്ളാസുകളിലൊന്ന് വൈദ്യുതി പാഴാക്കുന്നതിനെ പറ്റിയായിരുന്നു. ഈ ക്ളാസിന് ശേഷം ഉണ്ടായ മാറ്റംവലുതായിരുന്നു. മഹലിലെ വൈദ്യുതി ഉപഭോഗത്തില്‍ 5000 യൂണീറ്റിന്റെ കുറവാണ് ഉണ്ടായത്. ആ ചെറിയ മഹലില്‍ മാത്രം വൈദ്യുതിഉപഭോഗം ഇത്ര കുറക്കാന്‍ കഴിഞ്ഞെങ്കില്‍ മറ്റു മഹലുകളും ഈ പാത പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും പവര്‍ കട്ട് ഒഴിവാക്കാനാവുമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. അതുപോലെ തുച്ഛമായ 25 രൂപ തോതില്‍ മഹലില്‍ നിന്നും പ്രതിമാസം ശേഖരിച്ചപ്പോള്‍ അമ്പത് ലക്ഷത്തോളം രൂപ വരെ സമാഹരിക്കാന്‍ കഴിഞ്ഞതായും ഈ പണം കൊണ്ട് നാനൂറോളം കുടുംബങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കാന്‍ സാധിച്ചതായും അദ്ദേഹംപറഞ്ഞു. പി.വി അഷ്റഫ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സക്കീര്‍ ഹുസൈന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. സുല്‍ഫീക്കര്‍ ഒതായിസ്വാഗതവും മഹബൂബ് പാതപ്രിയം നന്ദിയും പറഞ്ഞു. വിശിഷ്ടാതിഥികളായി ഹസ്സന്‍ സിദ്ദിഖി, മുസ്തഫ പെരുവള്ളൂര്‍, ലത്തീഫ് കോട്ടപ്പുറംഎന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍