ഇന്ത്യയെ നവയുഗത്തിലേക്ക് നയിച്ചത് രാജീവ് ഗാന്ധി: ഒഐസിസി സോണ്‍ കമ്മിറ്റി
Friday, May 23, 2014 6:18 AM IST
റിയാദ്: ഇന്ദിരാജിക്കുശേഷം ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്കെത്തിക്കാന്‍ അഹോരാത്രം ശ്രമിച്ച് വിജയം കണ്ട, ഇന്ത്യ കണ്ട എക്കാലത്തേയും നല്ല രാഷ്ട്രനായകനായിരുന്നു രാജീവ്ഗാന്ധി എന്ന് റിയാദ് ഒഐസിസി സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സാമ്രാജ്യത്വ ശക്തികള്‍ ഇന്ത്യന്‍ അതിര്‍ത്തി കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാജീവ് ഗാന്ധിയുടെ നേത്യത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചിരുന്നതായും ഇന്ന് രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇതുപോലെ ഒരു പരാജയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങേണ്ടി വരുമായിരുന്നില്ലെന്നും യോഗത്തില്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചവര്‍ പറഞ്ഞു.

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങാന്‍ തയാറായ കോണ്‍ഗ്രസ് നേതൃതലത്തില്‍ സമൂലമായ ഒരു അഴിച്ചുപണിക്ക് തയാറാകണം. ജനവിധി മാനിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താനും കഴിയണം. ഇതിനു തയാറായാല്‍ കോണ്‍ഗ്രസിന് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാന്‍ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

1998 മുതല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ശക്തമായ ജനകീയാടിത്തറയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്െടന്നും തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാരിനോടുള്ള ആഭിമുഖ്യവും വിശ്വാസവും വര്‍ധിക്കാന്‍ കാരണമായിരുന്നെന്നും എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ യുപിഎക്ക് എതിരാക്കി മാറ്റാനും ജനഹൃദയങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റാനും എതിരാളികള്‍ക്ക് എളുപ്പം സാധിച്ചതായും അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ബാബു വര്‍ഗീസ് മൂന്നാംവിള പറഞ്ഞു.

നവാസ് ഖാന്‍ പത്തനാപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സത്താര്‍ കായംകുളം മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് തലശേരി അനുസ്മരണ സന്ദേശം വായിച്ചു. ബഷീര്‍ വള്ളികുന്നം, വിജയന്‍ നെയ്യാറ്റിന്‍കര, ഷാജി മഠത്തില്‍, മുസ്തഫ പാണ്ടിക്കാട്, നാസര്‍ ലെയ്സ്, ബഷീര്‍ കോട്ടയം, രാജന്‍ കാരിച്ചാല്‍, നൌഷാദ് കിളിമാനൂര്‍, പ്രസാദ് വയലിങ്കല്‍, ഷെരീഫ് കൊട്ടാരക്കര, ഷാബിന്‍ ജോര്‍ജ്, മുഹമ്മദലി പെരിന്തല്‍മണ്ണ, ശിഹാബ് പുന്നപ്പുറ, ജോസഫൈന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ജബാര്‍ പുലിപ്പാറ, ബഷീര്‍ ചൂനാട്, കൃഷ്ണന്‍ കണ്ണൂര്‍, ജമാല്‍ ചോറ്റി, മൊയ്തീന്‍ കുട്ടി, ഷിജു, സാജിദ് ആലപ്പുഴ, ജോസ് തൃശൂര്‍, അസ്ലം പെരിന്തല്‍മണ്ണ, സക്കീര്‍ മണ്ണാര്‍മല എന്നിവര്‍ നേതൃത്വം നല്‍കി. ഫിറോസ് നിലമ്പൂര്‍ സ്വാഗതവും സജി ചേര്‍ത്തല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍