ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണം മേയ് 23 ന്
Friday, May 23, 2014 6:05 AM IST
റിയാദ്: ഇടം സാംസ്കാരിക വേദി ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണം നടത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബത്ഹയിലെ അല്‍ റയാന്‍ പോളിക്ളിനിക് ഓഡിറ്റേറിയത്തിലാണ് അനുസ്മരണ പരിപാടി.

അനുസ്മരണ ചടങ്ങിനോടൊപ്പം നവോഥാനത്തില്‍ നിന്ന് പുനരുഥാനത്തിലേക്ക് വഴിതെറ്റി നടക്കുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയും നടക്കും. സ്കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദ ഗിരി ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാട്ടില്‍ നിന്ന് ഫോണ്‍ ഇന്‍ വഴിയാണ് സ്വാമി ഉദ്ഘാടനം നിര്‍വഹിക്കുക. അമൃതാനന്ദമയി മഠത്തെ സംബന്ധിച്ച ഗെയില്‍ ട്രെഡ്വല്ലിന്റെ പുസ്തകം വിവാദമായ ഘട്ടത്തില്‍ മഠത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ കാരണത്താല്‍ അമൃതാനന്ദമയി ഭക്തര്‍ സ്വാമി സന്ദീപാനന്ദയെ കൈയേറ്റം ചെയ്തതും വധഭീഷണി മുഴക്കിയതും അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ആര്‍എംപി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ രണ്ടാം രക്തസാക്ഷി വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഓരോ ദിനവും ടിപിയെ അനുസ്മരിച്ചു കൊണ്ടാണ് മലയാളിയുടെ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ കടന്നു പോയിട്ടുള്ളതെന്നും ജനാധിപത്യത്തിലെ ബഹുസ്വരതയുടേയും നീതിയുടേയും വീണ്െടടുപ്പിനുവേണ്ടിയുള്ള സമരമാണ് ടി.പി അനുസ്മരണത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നതെന്നും ഇടം സാംസ്കാരിക വേദി ഭാരവാഹികള്‍ പറഞ്ഞു.

അനുസ്മരണച്ചടങ്ങിലേക്ക് പുരോഗമന ചിന്താഗതിക്കാരായ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി വേദി പ്രസിഡന്റ് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0502709695, 0556011929, 0536268112.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍