അനന്തരാവകാശികള്‍ തമ്മിലുള്ള തര്‍ക്കം; നവീനിന്റെ നഷ്ടപരിഹാരം വൈകുന്നു
Thursday, May 22, 2014 9:11 AM IST
റിയാദ്: തൊഴിലുടമയോടുളള അവിശ്വാസവും അനന്തരാവകാശികള്‍ തമ്മിലുള്ള തര്‍ക്കവും മൂലം മരണാനന്തര ആനുകൂല്യമായി അനുവദിച്ച 1,80,000 റിയാല്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു.

റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ കീഴില്‍ അറാംകൊ പ്രോജക്ടില്‍ സൂപ്പര്‍വൈസറായിരുന്ന കണ്ണൂര്‍ അഴിക്കോട് ചാല്‍ പുത്തന്‍പുരയില്‍ നവീന്‍(40) ന്റെ കുടുംബമാണ് മരണാനന്തര ആനുകൂല്യം സ്വീകരിക്കുന്നതിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചത്.

2012 നവംബര്‍ 15 ന് ദമാമിനടുത്ത് ഉദൈലിയ - അല്‍ഹസ റോഡിലുണ്ടായ അപകടത്തിലാണ് നവീന്‍ മരിച്ചത്. ബംഗ്ളാദേശ് പൌരന്‍ ഓടിച്ചിരുന്ന ഡയനയില്‍ നവീന്‍ ഓടിച്ച പിക് അപ് വാന്‍ ചെന്നിടിക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ട് നവീന് എതിരായിരുന്നുവെങ്കിലും തൊഴിലുടമ എടുത്ത സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഇത്രയും വലിയ തുക നഷ്ട പരിഹാരമായി ലഭിക്കാന്‍ കാരണമായത്. നഷ്ടപരിഹാരം വൈകിയതോടെ കമ്പനിയെ വിശ്വാസമില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്െടന്നും നവീനിന്റെ കുടുംബം ആരോപിച്ചിരുന്നു.

മരണാനന്തര ആനുകൂല്യം നേടിയെടുക്കുന്നതിനു റിയാദ് വില്ലാസ് ഉദ്യോഗസ്ഥനായ എന്‍ജിനിയര്‍ സുജിത്തിന്റെ പേരില്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി മടക്കി നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇപ്പോള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സില്‍ നിന്നും 80,000 റിയാല്‍ നഷ്ടപരിഹാരം അനുവദിച്ചു. എന്നാല്‍ കുടുംബാംഗങ്ങളുടെ നിസഹകരണവും പവര്‍ ഓഫ് അറ്റോര്‍ണി മടക്കി വാങ്ങിയതും പണം കെട്ടിക്കിടക്കാന്‍ കാരണമായി.

അപകടത്തില്‍ മരണപ്പെടുന്ന നൂറുകണക്കിനു ഇന്ത്യന്‍ കുടുംബങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാതെ കാത്തിരിക്കുന്നതിനിടെയാണ് ഒന്നര വര്‍ഷത്തിനകം മുഴുവന്‍ ഇന്‍ഷ്വറന്‍സ് തുകയും നേടാനായത്.

മരിച്ച നവീനിന്റെ തൊഴിലുടമ റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ ശ്രമഫലമാണ് ഇന്‍ഷ്വറന്‍സ് തുകയില്‍ പെട്ടെന്ന് തീരുമാനമായത്.

തൊഴിലുടമ അലംഭാവം കാണിക്കുന്നതാണ് നഷ്ടപരിഹാരം വൈകാന്‍ കാരണമെന്നു മരിച്ച നവീനിന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു കമ്പനിയിലെ മലയാളികളായ ജീവനക്കാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍