ഡോ. ഹുസൈന്‍ മടവൂര്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Wednesday, May 21, 2014 6:38 AM IST
കുവൈറ്റ്: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹുസൈന്‍ മടവൂര്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനുമായി കൂടിക്കാഴ്ച നടത്തി.

പ്രവാസി കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം സബന്ധിച്ച് പ്രവാസി സംഘടനകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളും പരാധികളും അദ്ദേഹം അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്ത്യക്കാരായ പ്രവാസികളുടെ കുട്ടികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂള്‍ തലത്തിനുശേഷം തുടര്‍ പഠനത്തിന് പ്രയാസപ്പെടുന്നുണ്ട്.

അതുകൊണ്ട് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഓഫ് കാമ്പസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സജീവ പരിഗണക്ക് മുമ്പില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ഉന്നത കലാലയങ്ങള്‍ സ്ഥാപിക്കുവാന്‍ വലിയ നിലയ്ക്കുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍

മാത്രമെ സാധ്യമാകൂവെന്ന് അംബാസഡര്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ അത്തരത്തിലുള്ള ശ്രമം ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടായാലേ സാധ്യമാകൂ. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം കുവൈറ്റിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും രാഷ്ട്ര നിര്‍മാണത്തിനും വലിയ സേവനങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റ് ജനത ഇന്ത്യന്‍ സമൂഹത്തോടും വളരെ സഹായ മനസ്കത കാണിക്കുന്നുണ്ട്.

അര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ചയില്‍ അംബാസഡറെ കേരളം സന്ദര്‍ശിക്കുവാന്‍ വേണ്ടി ഹുസൈന്‍ മടവൂര്‍ ക്ഷണിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ട്രഷറര്‍ മുഹമ്മദ് ബേബി, ഹജ്ജ് ഉംറ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍