ഫീനിക്സ് പക്ഷിയെപ്പോലെ കോണ്‍ഗ്രസ് തിരിച്ചുവരും: സുധീരന്‍
Wednesday, May 21, 2014 6:37 AM IST
റിയാദ്: ഇന്ത്യയിലെ മതേതര ശക്തികളുടെ അനൈക്യവും കോര്‍പറേറ്റ് മാധ്യമങ്ങളുടെ കുപ്രചാരണങ്ങളും കോണ്‍ഗ്രസിന്റെ പരാജയത്തിന് ഇട വരുത്തിയതായും കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ തിരുത്തി കോണ്‍ഗ്രസ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അധികാരത്തില്‍ തിരിച്ചു വരുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

ഫ്രന്റ്സ് ക്രിയേഷന്‍സ് ഷിഫ അല്‍ ജസീറ ക്ളിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകനയോഗം ടെലഫോണിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചതായും ഇടതുപക്ഷം യുഡിഎഫിനെതിരെ നടത്തിയ കുപ്രചരണങ്ങള്‍ കേരള ജനത തള്ളിക്കള്ളഞ്ഞതായും വി.എം. സുധീരന്‍ പറഞ്ഞു.

റിയാദിലെ പന്ത്രണ്േടാളം രാഷ്ട്രീയ കക്ഷികളുടെ പോഷകസംഘടനകള്‍ പങ്കെടുത്ത പരിപാടിയില്‍ എന്‍.ആര്‍.കെ. ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള, ഷിഫ അല്‍ ജസീറ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, മാധ്യമ പ്രതിനിധി നരേന്ദ്രന്‍ ചെറുകാട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കുന്നുമ്മല്‍ കോയ, മൊയ്തീന്‍കോയ (കെ.എം.സി.സി), കുമ്മിള്‍ സുധീര്‍, അന്‍വാസ് (നവോദയ), ദസ്തഗീര്‍, രാജീവന്‍ (കേളി), ആര്‍. മുരളീധരന്‍ (ആര്‍എംപി), അബൂബക്കര്‍, സക്കറിയ (ന്യൂ ഏജ്), ദീപക്, ജ്യോതിഷ് (ബിജെപി), സിദ്ദീഖ്, ജിതേഷ് നായര്‍ (ആം ആദ്മി), സജു ജോര്‍ജ്, സലിം മൂസ (വെല്‍ഫെയര്‍ പാര്‍ട്ടി), മുഹമ്മദ്കോയ, കബീര്‍ (എസ്ഡിപിഐ) എന്നിവര്‍ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് അവലോകനത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള മുഴുവന്‍ സംഘടനാ പ്രതിനിധികളും മോഡി തരംഗം കൃത്രിമമായി കോര്‍പറേറ്റ് മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും സംഘപരിവാര്‍ ശക്തികളുടെ കൈകളില്‍ ഇന്ത്യയുടെ ഭരണം വന്നെത്തിയതോടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ന്നടിഞ്ഞതായും അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് ശക്തികളുടെ ആജ്ഞാനുവര്‍ത്തിയായ മോഡിക്കും സംഘപരിവാറിനും സാധാരണക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് യുഡിഎഫ് വന്‍വിജയം നേടിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണനൈപുണ്യത്തിനുള്ള അംഗീകാരമാണെന്നും ഒരു ദേശീയ കക്ഷിയായിരുന്ന സിപിഎം പ്രദേശിക കക്ഷിയായി ഒതുങ്ങിയത് ആ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ നയവൈകല്യങ്ങളാണെന്നും കെഎംസിസി പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു. അതേ സമയം സിപിഎം അനുകൂല സംഘടനകള്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയതായി സമ്മതിക്കുന്നില്ല. ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങള്‍ മാത്രമാണെന്നും രണ്ട് കറുത്ത ശക്തികള്‍ക്കുമെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മയാണ് മൂന്നാംചേരി കൊണ്ട് അര്‍ഥമാക്കുന്നതെന്നും ഇവര്‍ അറിയിച്ചു.

മുസ്ലിം സംഘടനകള്‍ പലതായി പിരിഞ്ഞ് ഏറ്റുമുട്ടിയത് വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തില്‍ എത്തുവാന്‍ അവസരമൊരുക്കിയതായി അഭിപ്രായമുയര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വളര്‍ന്നു വന്ന അഴിമതിയും വിലക്കയറ്റവും ആധാര്‍കാര്‍ഡ് അടിച്ചേല്‍പ്പിക്കലും കസ്തൂരി രങ്കന്‍ റിപ്പോര്‍ട്ടും കോര്‍പറേറ്റ് പ്രീണനവും വര്‍ഗീയ ലഹളകളുമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കളമൊരുക്കിയതെന്ന് ആം ആദ്മി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നീ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സിപിഎം നേതാക്കളുടെ കടുത്ത പ്രസ്താവനകള്‍ നിഷേധവോട്ടുകളായി മാറിയതായി യോഗം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ തികച്ചും പ്രതിരോധത്തിലായ ബിജെപി പ്രവര്‍ത്തകര്‍ വളരെ സംയമനത്തോടെ കഴിഞ്ഞകാല തെറ്റുകള്‍ ആവര്‍ത്തിക്കാതെ ഇനിയുള്ള കാലം ഇന്ത്യാരാജ്യത്തിന്റെ വികസനത്തിനായി മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഗുജറാത്ത് കലാപത്തിനുശേഷം 12 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബിജെപി ഭരിച്ച ഒരു സംസ്ഥാനത്തും മറ്റൊരു വര്‍ഗീയ ലഹള ഉണ്ടായില്ലെന്നും ബിജെപി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരു പോലെ ആശ്വാസകരമായ ഭരണം കാഴ്ചവയ്ക്കുമെന്നും അറിയിച്ചു.

ഉബൈദ് എടവണ്ണ പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. അര്‍ഷാദ് മാച്ചേരി സ്വാഗതവും അബ്ദുള്‍ അസീസ് കോഴിക്കോട് നന്ദിയും പറഞ്ഞു. ജലീല്‍ മാട്ടൂല്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, ഫൈസല്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരി മത്സരവും നടന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍