കല കുവൈറ്റ് ബാലകലാമേള: ഡിപിഎസിന് കിരീടം
Tuesday, May 20, 2014 8:30 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബെഞ്ചി ബെന്‍സണ്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍ സ്കൂള്‍ ബാലകലാമേളയില്‍ ഡല്‍ഹി പബ്ളിക് സ്കൂള്‍ ചാമ്പ്യന്മാരായി.

70 പോയിന്റ് നേടിയാണ് അഹമദി ഡല്‍ഹി പബ്ളിക് സ്കൂള്‍ കിരീടം കരസ്ഥമാക്കിയത്. 63 പോയിന്റുകള്‍ നേടി ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തിനു അര്‍ഹാരായപ്പോള്‍ 52 പോയിന്റുകളുമായി ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ മൂന്നാം സ്ഥാനത്തെത്തി.

കലാമേളയിലെ കലാ പ്രതിഭാ പട്ടം കഴിഞ്ഞ വര്‍ഷവും കലാ പ്രതിഭയായ ആര്‍. വിജയ്കൃഷണനും (ഡല്‍ഹി പബ്ളിക് സ്കൂള്‍), ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ കിഷന്‍ രാജയും പതിനാലു പോയിന്റുകള്‍ നേടി പങ്കിട്ടു. 18 പോയിന്റ് നേടി കലാ തിലകമായി ഇന്ത്യന്‍ കമ്യൂണിറ്റി അമ്മാന്‍ ബ്രാഞ്ചിലെ അന്നാ എലിസബത്ത് രാജുവും തെരഞ്ഞെടുക്കപ്പെട്ടു.

മേയ് ഒമ്പതിന് നടന്ന കലാമേളയില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മേയ് 23 നു ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടക്കുന്ന കലാ കുവൈറ്റിന്റെ സാംസ്കാരിക മേളയായ 'സംഘഗാഥ 2014' ല്‍ വച്ച് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ സമ്മാനിക്കും. സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനുവേണ്ടി മത്സര വിജയികള്‍ രാവിലെ പത്തോടെ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍