'ജനകീയ അടിത്തറയുള്ളവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കണം'
Tuesday, May 20, 2014 8:04 AM IST
ദമാം: സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ ജനകീയ അടിത്തറയുള്ള നേതാക്കന്മാര്‍ക്ക് അവസരം നല്‍കണമെന്ന് ദമാം ഒഐസിസി ആവശ്യപ്പെട്ടു.

ജനകീയ വിഷയങ്ങളില്‍ ഇടപെടാത്ത നേതാക്കന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം.

പ്രാദേശിക നേതൃത്വത്തിന്റെ കൂടി താത്പര്യം പരിഗണിക്കാതെ സ്ഥനാര്‍ഥികളെ കെട്ടിയിറക്കുന്ന രീതി അവസാനിപ്പിക്കണം ഈ തെരഞ്ഞെടുപ്പില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയാറാകണമെന്നും ഒഐസിസി ദമാം സോണ്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ യുഡിഎഫിനു വിജയം സമ്മാനിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും യോഗം അഭിനന്ദനം അറിയിച്ചു.

മണ്ഡല വികസനത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയാതിരുന്ന പി.സി ചാക്കോയെ പോലുള്ള നേതാക്കന്മാര്‍ക്ക് സീറ്റ് നല്‍കിയത് തെറ്റായി പോയി എന്ന് യോഗം വിലയിരുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഒഐസിസി ദമാം സോണ്‍ ആവശ്യപെട്ടു. ഒഐസിസി ദമാം സോണ്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ ജില്ലാ കമ്മിറ്റികള്‍, ഏരിയ, യൂണിറ്റ്, കമ്മിറ്റികള്‍ എന്നിവയുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി ദമാം സോണ്‍ നിരീഷകരെയും വരണാധികാരികളെയും നിശ്ചയിച്ചു. സോണ്‍ കമ്മിറ്റി ഭാരവാഹികളോടൊപ്പം ജില്ലാ കമ്മിറ്റി ഭാരവാഹികളും വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കും.

ജൂണില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിച്ച് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്ന് ഒഐസിസി സോണ്‍ പ്രസിഡന്റ് പി.എം നജീബ് അറിയിച്ചു. തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയും ഗ്ളോബല്‍ കമ്മിറ്റിയും അംഗീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒഐസിസിയുടെ പുതുക്കിയ മെമ്പര്‍ഷിപ്പ് ഇല്ലാത്ത ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനോ വോട്ടു ചെയ്യുവാനോ കഴിയില്ലെന്നും ഒഐസിസി ദമാം സോണ്‍ അറിയിച്ചു.

പ്രസിഡന്റ്് പി.എം നജീബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം അഹമദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബിജു കല്ലുമല, സി. അബ്ദുള്‍ ഹമീദ്, മാത്യു ജോസഫ്, പി.വി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ബിജു കല്ലുമല സ്വാഗതവും ഇ.കെ സലിം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം