മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി
Sunday, May 18, 2014 7:23 AM IST
കുവൈറ്റ്: കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. പിതാവിനെ സ്വീകരിക്കുവാന്‍ കുവൈറ്റ് ബിഷപ് മാര്‍ അമിലോ ബലിന്‍, വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്യുന്ന വൈദീകര്‍ എന്നിവരും സന്നിഹിതരായിരുന്നു.

സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഞ്ഞൂറോളം അംഗങ്ങള്‍ പങ്കെടുത്തു. ബാലദീപ്തി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വിമാനത്താവളത്തിനുള്ളില്‍ നടത്തിയ ചടങ്ങുകള്‍ക്ക് പ്രസിഡന്റ് അനില്‍ തൈയില്‍, ജനറല്‍ സെക്രട്ടറി ഷാജി നാഗറൂല്‍, ട്രഷറര്‍ ഷാജിമോന്‍ മങ്കുഴിക്കരി, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിമാനത്താവളത്തിനുള്ളില്‍ സ്വീകരണം ഒരുക്കാന്‍ അനുവാദം നല്‍കിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും മറ്റ് അധികാരികളോടും സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ പേരില്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍