റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വിജയം ആഘോഷിച്ചു
Saturday, May 17, 2014 5:19 AM IST
റിയാദ്: ലോക്സഭാ തെരഞ്ഞൈടുപ്പ് ഫലമറിയാന്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ബത്ഹയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റേറിയത്തിീല്‍ ബിഗ് സ്ക്രീനില്‍ സൌകര്യമൊരുക്കിയ കെ.എം.സി.സി പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെ ഇരു സ്ഥാനാര്‍ത്ഥികളുടേയും വിജയം മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിച്ചു. ഒ.ഐ.സി.സി യുടേയും കെ.എം.സി.സി യുടേയും റിയാദിലെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ക്ക് തിരിച്ചടി നേരിട്ടപ്പോഴും കേരളത്തില്‍ യു.ഡി.എഫിന് കിട്ടിയ ആധികാരിക വിജയം തിളക്കമാര്‍ന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരത്തോടൊപ്പം ഈ വിജയം സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണെന്നും നേതാക്കള്‍ പറഞ്ഞു.

അവധി ദിവസമായതിനാല്‍ പുലര്‍ച്ചെ മുതല്‍ തന്നെ നിരവധി പ്രവര്‍ത്തകര്‍ മലപ്പുറം ജില്ലാ കെ.എം.സി.സി യും ഷിഫാ അല്‍ ജസീറ പോളിക്ളിനിക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ സംപ്രേഷണം കാണാന്‍ എത്തിയിരുന്നു. പരിപാടികള്‍ക്ക് കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടേയും റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടേയും നേതാക്കള്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍