ഇരുവൃക്കകളും തകരാറിലായ ഷാഫിക്ക് ഒഐസിസി സഹായം
Thursday, April 24, 2014 8:01 AM IST
റിയാദ്: ഇരുവൃക്കകളും തകരാറിലായ തിരുവനന്തപുരം ജില്ലയിലെ പൂന്തുറ ഷാഫി(32)യെ സഹായിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഒഐസിസി സ്വരൂപിച്ച സഹായധനത്തിന്റെ ആദ്യഗെഡുവായ ഒരു ലക്ഷം രൂപാ സംസ്ഥാന ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍, ഷാഫിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് കൈമാറി.

റിയാദ് ഒഐസിസി നേതാവ് ജഹബര്‍ പൂന്തുറയും മറ്റ് നിരവധി പേരും ചടങ്ങിന് സാക്ഷികളായി. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഷാഫി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മാതാവ് വൃക്ക നല്‍കാമെന്ന് ഏറ്റിട്ടുണ്െടങ്കിലും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ഭീമമായ ചെലവ് താങ്ങാന്‍ ശാഫിയുടെ കുടുംബത്തിന് സാധിക്കുന്നില്ല.

കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതി പ്രകാരമുള്ള ധനസഹായം കൊണ്ടാണ് ഷാഫിയുടെ ഡയാലിസിസ് നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യാമെന്ന് വി.എസ്. ശിവകുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഷാഫിയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ എസ്. ഷാഫി, ടി.സി 46/499, കള്ളിവിളാകം വീട്, പള്ളിത്തെരുവ്, പൂന്തുറ പി.ഒ, തിരുവനന്തപുരം, ഫോണ്‍ നമ്പര്‍ 00918547630882, എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍