ടൊറന്റോയില്‍ വിഷു ആഘോഷം വസന്തോത്സവമായി
Tuesday, April 22, 2014 8:04 AM IST
ബ്രാംപ്ടണ്‍ (കാനഡ): അതിശൈത്യത്തിന്റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്ന് ടൊറന്റോ മലയാളികള്‍ക്ക് ഏപ്രില്‍ ആദ്യവാരം ഓം സാംസ്കാരിക വേദി ഒരുക്കിയ വിഷുക്കണി 'മയില്‍പീലി 2014' ദൃശ്യവിസ്മയത്തിന്റെ വസന്തോത്സവമായി.

ഒരുപറ്റം യുവപ്രതിഭകള്‍ അണിയിച്ചൊരുക്കിയ മേള നൂതന ദൃശ്യ, ശ്രാവ്യ, സാങ്കേതിക വിദ്യകളില്‍ ഈടുറ്റതായി. വിഷുവിനെക്കുറിച്ച് കേട്ടറിവുമാത്രമുള്ള ഒരു പ്രവാസി ബാലന്റെ സ്വപ്നത്തിലൂടെ ആവിഷ്കരിച്ച പരിപാടികള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയായിരുന്നു.

കൃഷ്ണാവതാരം, കംസനിഗ്രഹം, ശലഭനൃത്തങ്ങള്‍, മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെയുള്ള ഓട്ട പ്രദക്ഷിണം, നെല്‍സണ്‍ മണ്ഡേലയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള നാടകാവിഷ്കാരം, പാഷാണം വര്‍ക്കിയുടെ കുരുത്തക്കേടുകള്‍ കാട്ടിത്തന്നെ സ്കിറ്റ് എന്നിവ ഏവരുടേയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി.

മലയാള കലാ പൈതൃകം കനേഡിയന്‍ പ്രവാസി ന്യൂജനറേഷന്‍ യുവകലാകാന്മാരിലും ഭദ്രമാണെന്ന് വിളിച്ചോതുന്നതായിരുന്നു പ്രകടനം. വിഭവസമൃദ്ധമായ വിഷു സദ്യയും കുട്ടികള്‍ക്കുള്ള വിഷുക്കൈ നീട്ട വിതരണവും തന്ത്രി ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്നു.

മികച്ച ഹൃസ്വചിത്രത്തിന്റെ എഡിറ്റിംഗിന് ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സംഘടനയുടെ നോമിനേഷന്‍ ലഭിച്ച പ്ളസ്ടു വിദ്യാര്‍ഥി അനില്‍ സിദ്ധാര്‍ഥിന്റെ ആശയാവിഷ്കാരത്തില്‍ നടന്ന മയില്‍പീലി 2014 വിഷു ഉത്സവത്തിന്റെ അണിയറയില്‍ അദ്വൈത്, വികേല്‍, ഷെല്‍ലി, അനില്‍കുമാര്‍, സരിത, ശ്രേയ, റോഹന്‍, പിഷാരടി എന്നീ ദമ്പതികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍