അഡ്ലൈഡില്‍ ഈസ്റര്‍ ആഘോഷിച്ചു
Monday, April 21, 2014 8:12 AM IST
അഡ്ലൈഡ്: ഓസ്ട്രേലിയയിലെ അഡ്ലൈഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ യേശുവിന്റെ പീഡാനുഭവാരവും ഉയിര്‍പ്പ് പെരുന്നാളം ആചരിച്ചു.

40-ാം വെള്ളിയാഴ്ച ആരംഭിച്ച ശുശ്രൂഷകള്‍ക്ക് തുമ്പമണ്‍ ഭദ്രാസനത്തിലെ ഫാ. ഷിജു ജോണ്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ധ്യാനമസ്കാരവും വചന ശുശ്രൂഷയും നടന്നു.

ഏപ്രില്‍ 15ന് സന്ധ്യാനമസ്കാരത്തിനുശേഷം നടന്ന വചന ശുശ്രൂഷയില്‍ മലങ്കര കത്തോലിക്ക സഭയിലെ ഫാ. സ്റീഫന്‍ കുളത്തുംകരോട്ട് വചനശുശ്രൂഷ നടത്തി. യൂദായുടെയും പത്രോസ് ശ്ളീഹായുടെയും ജീവിതം ആധാരമാക്കി ഒരു ക്രിസ്ത്യാനി എങ്ങനെ പരീക്ഷണങ്ങളെ അതിജീവിക്കണമെന്ന് വേദപുസ്തകം അടിസ്ഥാനമാക്കി അദ്ദേഹം വിവരിച്ചു.

ഏപ്രില്‍ 16ന് സന്ധ്യാനമസ്കാരത്തോടൂകൂടി ക്രിസ്തുവിന്റെ പെസഹാനുഭവ ശുശ്രൂഷ നടന്നു. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ കൊണ്ടുവന്ന പെസഹാ അപ്പം നേര്‍ച്ചയായി നല്‍കി. 18ന് രാവിലെ എട്ടിന് ആരംഭിച്ച ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ക്ക് ഫാ. ഷിജു ജോണ്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് യേശുവിന്റെ ക്രൂശിന്റെ പ്രത്യേകതകളും അതിന്റെ വിവിധ വശങ്ങളും നമ്മുടെ ജീവിതത്തിലെ ക്രൂശിന്റെ സ്ഥാനവും ക്രൂശ് നല്‍കുന്ന രക്ഷയെപ്പറ്റിയും അദ്ദേഹം ഉദ്ഘോഷിച്ചു.

19ന് രാവിലെ ദുഃഖശനിയുടെ ശുശ്രൂഷയും വി. കുര്‍ബാനയും നടന്നു. 20ന് രാവിലെ ഈസ്റര്‍ ശുശ്രൂഷയും ഉയിര്‍പ്പ് പ്രഖ്യാപനവും വി. കുര്‍ബാനയുടെ നേര്‍ച്ച വിളമ്പും നടന്നു. തുടര്‍ന്ന് ഒന്നര ആഴ്ചയോളം ഇവിടുത്തെ എല്ലാ ശുശ്രൂഷകളും ഏറ്റവും ഭക്ത്യാദരപൂര്‍വം ആചരിക്കുവാന്‍ നേതൃത്വം നല്‍കിയ ഫാ. ഷിജു ജോണിന് ഇടവക സെക്രട്ടറി മാത്യു സാമുവല്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിജു കുര്യാക്കോസ്