സ്റാറ്റന്‍ഐലന്റില്‍ 'ബെസ്റ് ആക്ടേഴ്സ് 2014' മെയ് രണ്ടിന് അരങ്ങേറുന്നു
Wednesday, April 16, 2014 4:02 AM IST
ന്യൂയോര്‍ക്ക്: സംഗീത-നൃത്ത-ഹാസ്യ സമ്പൂര്‍ണ്ണമായ കലോപഹാരം 'ബെസ്റ് ആക്ടേഴ്സ് 2014'-ന് മെയ് മാസം രണ്ടാം തീയതി വെള്ളിയാഴ്ച സ്റാറ്റന്‍ഐലന്റില്‍ തിരശീലയുയരും. ഈവര്‍ഷത്തെ പ്രഥമ കലാവിരുന്ന് മലയാളി സമൂഹത്തിനായി സമര്‍പ്പിക്കുന്നത് സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷനാണ്. പ്രവര്‍ത്തനോദ്ഘാടനവും ഈസ്റര്‍-വിഷു ആഘോഷവും സംയുക്തമായി നടത്തുന്നതിനോടനുബന്ധിച്ചാണ് കലാവിരുന്ന് അരങ്ങേറുന്നത്. പരിപാടിയുടെ വിജയത്തിനായി എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍ ഫ്രെഡ് കൊച്ചിന്‍, ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് പീറ്റര്‍ (ബാബു മൈലപ്ര) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചുവരുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ്. പ്രകാശ്, സെക്രട്ടറി ജോസ് വര്‍ഗീസ്, ട്രഷറര്‍ ബോണിഫസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ പ്രഥമ മലയാളി സംഘടികളിലൊന്നായ സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ ഏക്കാലത്തേയും സാന്നിധ്യമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വേണ്ടി സാമ്പത്തിക അടിത്തറയുണ്ടാക്കുക എന്ന ലക്ഷ്യവും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഹൃദ്യമായ കലാവിരുന്ന് വിജയിപ്പിക്കാന്‍ എല്ലാ മലയാളികളും സുഹൃത്തുക്കളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍ ബാബു മൈലപ്ര അഭ്യര്‍ത്ഥിച്ചു. പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫ്രെഡ് കൊച്ചിന്‍ അറിയിച്ചു.

സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ അര്‍ച്ചന, ഹരിശ്രീ അശോകന്‍, പ്രശസ്ത യുവഗായകനായ ജോബി ജോണ്‍ (ഏഷ്യാനെറ്റ് ഫെയിം), ജിത്ത് വിജയ് (രതിനിര്‍വേദം റീമേക്ക്), മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം, നോബി, കോമഡി-മിമിക്സ് രംഗത്തെ തിളങ്ങുന്ന താരങ്ങളായ നരിയാപുരം വേണു, കലാഭവന്‍ രാഹുല്‍, നിഷാ സാരംഗ്, അഞ്ജു മേനോന്‍, രമേഷ് ബാബു എന്നിവരാണ് ബെസ്റ് ആക്ടേഴ്സ് 2014 കലാപ്രതിഭകള്‍. സ്വരലയ വിഷ്വല്‍ മീഡിയ സാരഥി ഷാജി സുകുമാരനാണ് പരിപാടിയുടെ നാഷണല്‍ സ്പോണ്‍സര്‍. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം