പ്രവീണ്‍ വര്‍ഗീസിനു നീതി തേടി കാര്‍ബണ്‍ഡെയിലില്‍ പ്രതിക്ഷേധ യോഗം ചേരുന്നു
Wednesday, April 16, 2014 3:58 AM IST
ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തില്‍ നീതിതേടി മെയ് മാസം മൂന്നാംതീയതി ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ നാലു മണിവരെ കാര്‍ബണ്‍ഡെയിലില്‍ പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധ യോഗവും അനുസ്മരണ പ്രാര്‍ത്ഥനയും നടത്തുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പങ്കുചേരുവാന്‍ എല്ലാവരേയും ആക്ഷന്‍ കൌണ്‍സില്‍ സ്വാഗതം ചെയ്തു.

പ്രതിക്ഷേധ റാലിയിലും അനുസ്മരണ യോഗത്തിലും പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്കായി ഡെസ്പ്ളെയിന്‍സില്‍ നിന്നും വാഹന സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസാരിക്കുന്നതും, പ്രവീണിന്റെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതും, 25,000 പേര്‍ ഒപ്പിട്ടതുമായ പ്രമേയം അധികാരികള്‍ക്ക് കൈമാറുന്നുമാണ്.

പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിന് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിനായി രൂപീകരിച്ച പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിനുവേണ്ടി വിവിധ സബ് കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മലയാളി സമൂഹം ചെയ്യുന്ന എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും പ്രവീണിന്റെ കുടുംബം പ്രത്യേകം നന്ദി അറിയിക്കുന്നു.

പ്രവീണിന്റെ ശരീരത്തില്‍ മദ്യത്തിന്റേയോ, മയക്കുമരുന്നിന്റേയോ അംശം ഇല്ലായിരുന്നുവെന്ന് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട ടോക്സിക്കോളജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കൂടുതല്‍ സംശയങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുവരേയും അധികാരികളില്‍ നിന്ന് വിശ്വസനീയമായ ഒരു വിശദീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ട്. പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഫണ്ട് റൈസിങും ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ഷൌശെേരലളീൃുൃമ്ശി.ീൃഴ എന്ന വെബ്സൈസ്റ് വഴിയും, സംഭാവനകള്‍ ചെക്കായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവീണ്‍ മാത്യു വര്‍ഗീസ് മെമ്മോറിയല്‍ ട്രസ്റ് എന്ന പേരില്‍ ചെക്ക് എഴുതി പി.ഒ ബോക്സ് നമ്പര്‍ 321, സ്കോക്കി, ഐ.എല്‍- 60076. എന്ന പേരിലും അയയ്ക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളുമായി ബന്ധപ്പെടുക: ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (224 522 2653), സൂസന്‍ ഇടമല (847 375 2043), സണ്ണി വള്ളിക്കളം (847 722 7598), അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), രാജു വര്‍ഗീസ് (847 840 5563).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം