ഭദ്രാസനം ട്രസ്റിയായി ഫിലിപ്പ്തോമസ് ചുമതല ഏറ്റെടുത്തു
Friday, April 11, 2014 6:08 AM IST
ഡാളസ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക, യുറോപ്പ് ആന്‍ഡ് കാനഡ ഭദ്രാസനത്തിന്റെ പുതിയ ട്രസ്റി ആയി വിശ്വസ്തതയുടെ പര്യായമായ ഫിലിപ്പ് തോമസ് സിപിഎ ചുമതല ഏറ്റെടുത്തു.

ഡാളസ് കൌണ്ടിയില്‍ 24-ല്‍ പരം വര്‍ഷം റവന്യു ഓഡിറ്ററായി സേവനം അനുഷ്ടിക്കുകയും 2004 ലില്‍ ഫൈനാഷ്യല്‍ ഓഫീസര്‍ ആയി വിരമിക്കുകയും ചെയ്ത ഫിലിപ്പിന് വിശ്വസ്ത സേവനത്തിനു ധാരാളം അംഗീകാരം ലഭിച്ചിട്ടുണ്ട്.

തന്റെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും ആത്മീയ കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയിരുന്നു. കൌണ്ടിയിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 1986 മുതല്‍ ബ്രൂക്ക്ഹവേണ്‍ കൌണ്ടി കോളജില്‍ അക്കൌണ്ട് വിഷയത്തില്‍ പാര്‍ട്ട് ടൈം പ്രഫസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൌണ്ടിയിലെ ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം 2005 മുതല്‍ ഫുള്‍ടൈം പ്രഫസര്‍ ആയും സേവനം തുടര്‍ന്നു വരുന്നു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സില്‍ ബാച്ചിലര്‍ ബിരുദം നേടിയ ഫിലിപ്പ് തോമസ് ഉപരിപഠനാര്‍ഥം അമേരിക്കയില്‍ എത്തുകയും ഡിട്രോറ്റ് യൂണിവേഴ്സിറ്റിയില്‍ന്നും ബിസിനസില്‍ മാസ്റര്‍ ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് ഡാളസിലേക്ക് താമസം മാറുകയും യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍നിന്നും അക്കൌണ്ടില്‍ ബിരുദവും സിപിഎയും നേടിയ ഫിലിപ്പ് തോമസ് ഡാളസ് പ്രവാസി മലയാളികളുടെ പ്രിയങ്കരനാണ്.

2014 ജനുവരിയില്‍ അമേരിക്കയിലെ പ്രമുഖ പ്രവസി മലയാളി സംഘടനയായ ഡാളസ് സൌഹൃദ വേദി മലയാള സമൂഹത്തിനു നല്‍കിയിട്ടുള്ള വിലപ്പെട്ട സേവനങ്ങളെ മാനിച്ച് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചിരുന്നു.

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകാംഗവും തികഞ്ഞ വേദ പുസ്തക ജ്ഞാനിയും നല്ലൊരു വാഗ്മിയും മാതൃകാ കുടുംബ ജീവിതം നയിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ഉടമയുമാണ് കോട്ടയം പാമ്പാടി സ്വദേശിയായ ഫിലിപ്പ് തോമസ്. ഭാര്യ: ശോശാമ്മ. മക്കള്‍: മനോജ്, മായ.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ