കര്‍മഭൂമിയിലേക്ക് പരിശുദ്ധ ബാവാ; ഭക്തിലഹരിയില്‍ വിശ്വാസിസമൂഹം
Thursday, April 10, 2014 8:26 AM IST
ന്യൂജേഴ്സി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനാകും മുമ്പ് തന്റെ കര്‍മഭൂമിയായ അമേരിക്കയിലേക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയായി തെരഞ്ഞെടുക്കപ്പെട്ടിനുശേഷം ആദ്യമായി എത്തിയപ്പോള്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന് ഭക്തിലഹരിയില്‍ ഊഷ്മള സ്വീകരണം.

നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഏപ്രില്‍ അഞ്ചിന് (ശനി) മൂന്നിന് ഭദ്രാസന ആസ്ഥാനമായ ടീനെക്ക് സെന്റ് മാര്‍ക്സ് കത്തീഡ്രലില്‍ ആഗതനായപ്പോള്‍ വിശ്വാസി സമൂഹം പുഷ്പങ്ങള്‍ വിതറിയും, ആര്‍ത്തുവിളിച്ചും സ്വീകരിച്ചു. തെളിഞ്ഞ അന്തരീക്ഷവും സന്തോഷത്തില്‍ പങ്കുചേര്‍ന്നു. മാര്‍ച്ച് 31ന് ബെയ്റൂട്ടില്‍ നടന്ന ആകമാന സുറിയാനി സഭയുടെ സിനഡിലാണ് ബാവാ തെരഞ്ഞെടുക്കപ്പെട്ടത്.

ബാവായെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കുമാത്രമല്ല മലങ്കര ആര്‍ച്ച് ഡയോസിസ് സഭാംഗങ്ങള്‍ക്കും ക്നാനായ ഭദ്രാസന അംഗങ്ങള്‍ക്കും സുപരിചിതനാണ്. എളിമത്വം നിറഞ്ഞ വിനയത്തിന്റെ ഉടമയുമായ ബാവയുടെ എല്ലാവരോടുമുള്ള സ്നേഹമസ്രണമായ പെരുമാറ്റം ആരേയും ആകര്‍ഷിക്കും.

ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച ബാവാ, കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായെ സ്മരിച്ചുകൊണ്ടാണ് ഈ സ്ഥാനം ഏറ്റെടുത്തിട്ടുള്ളത്. ഇത് ദൈവീക നിശ്ചമാണ്. ധാരാളം വെല്ലുവിളികള്‍ നിറഞ്ഞ ഭാരിച്ച ഉത്തരവാദിത്വമാണ്. എങ്കിലും ദൈവത്തിന്റെ അളവറ്റ കൃപയാല്‍ സഭയെ നയിക്കാന്‍ സാധിക്കും.

'നിന്റെ ബലഹീനതയില്‍ എന്റെ കൃപ നിനക്കു മതി' എന്ന ദൈവ വചനം ബാവാ ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ വിളി സ്വീകരിച്ചു. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതുപോലെ നിങ്ങളും എനിക്കുവേണ്ടി പ്രാര്‍ഥിക്കണം.

മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്ത, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ ആര്‍ച്ച് ബിഷപ് ഡേവിഡ്, ഓര്‍ത്തഡോക്സ് സഭാ ആര്‍ച്ച് ബിഷപ്, കാത്തലിക് ബിഷപ് യൂസഫ്, അര്‍മീനിയന്‍ ആര്‍ച്ച് ബിഷപ് ബര്‍സോമിയ, റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭാ ബിഷപ്, ക്നാനായ ഡയോസിസ് പ്രതിനിധി റവ. ചാക്കോ ജേക്കബ്, ഫോര്‍ഡം യൂണിവേഴ്സിറ്റി പ്രസിഡന്റിന്റെ പ്രതിനിധി, പ്രിന്‍സ്റണ്‍ തിയോളജിക്കല്‍ സെമിനാരി വൈസ് പ്രസിഡന്റ്, മുന്‍ സിറിയന്‍ മന്ത്രി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പോപ്പിന്റെ ആശംസാ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റി, സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്മാന്‍മാര്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

മലങ്കര സഭാംഗങ്ങള്‍ ഉള്‍പ്പടെ ആയിരത്തിലധികം ആളുകള്‍ സ്വീകരണത്തില്‍ പങ്കെടുത്തു. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് കനത്ത സുരക്ഷയിലാണ് ബാവായേയും സംഘത്തേയും പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ടീനെക് സെന്റ് മാര്‍ക്സ് കത്തീഡ്രലിലേക്ക് അനുഗമിച്ചത്.

റിപ്പോര്‍ട്ട്: ജോബി ജോര്‍ജ്