ആര്‍എസ്സി 'ലോഗ് ഇന്‍' ഏപ്രില്‍ 11ന്
Wednesday, April 9, 2014 5:46 AM IST
കുവൈറ്റ്: പ്രവാസ ലോകത്ത് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ റിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശനം 'ലോഗ് ഇന്‍' എന്ന പേരില്‍ ഏപ്രില്‍ 11 ന് (വെള്ളി) ഗള്‍ഫിലെ ഇരുപതു കേന്ദ്രങ്ങളില്‍ നടക്കും. കുവൈറ്റില്‍ മംഗഫ് സംഗീത ഓഡിറ്റോറിയത്തില്‍ ലോഗ് ഇന്‍ സംഗമം നടക്കും. ഐസിഎഫ്, ആര്‍എസ്സി സംഘടനകളിലെ മുതിര്‍ന്ന അംഗങ്ങള്‍ ഒരു വര്‍ഷ പദ്ധതികളും പ്രമേയവും പ്രഖ്യാപിക്കും.

വൈകുന്നേരം ആറിന് നടക്കുന്ന പരിപാടിയില്‍ സയിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി, അബ്ദുള്‍ ഹകീം ദാരിമി, ഷുകൂര്‍ മൌലവി, അഹ്മദ് കെ. മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി, അഹ്മദ് സഖാഫി കാവനൂര്‍, സി.ടി അബ്ദുള്‍ ലത്തീഫ്, അബ്ദുള്ള വടകര തുടങ്ങിയവര്‍ പങ്കെടുക്കും.

യുവ ശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന ഒരു വര്‍ഷത്തെ കര്‍മ പദ്ധതികളോടെയാണ് സംഘടന അടുത്ത പതിറ്റാണ്ടിലേക്കു പ്രവേശിക്കുന്നത്. പ്രവാസ യൌവനങ്ങളുടെ സാംസ്കാരിക സംഘബോധം എന്ന സന്ദേശത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടന യുവാക്കളുടെ ധാര്‍മികവും സാംസ്കാരികവുമായ പുരോഗതി യിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥിത്വത്തിന്റെ നന്മയും സംഘടന ലക്ഷ്യം വയ്ക്കുന്നു. പ്രവാസ ലോകത്ത് ധാര്‍മിക ഇസ്ലാമിക കലാ, സംസ്കാര ത്തിന്റെ പതിവു അരങ്ങുകള്‍ സൃഷ്ടിക്കുന്നതിനും മനുഷ്യരുടെ ധൈഷണീകവും ധനപരവുമായ വിഭവങ്ങളെ ചോര്‍ത്തിയെടുക്കുന്നതും ശരീരത്തെ നശിപ്പിക്കുന്ന തുമായ ദുഷ് പ്രവണതകള്‍ക്കെതിരെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനും സംഘടന ശ്രദ്ധിക്കുന്നു. സേവനം സംസ്കാരമാക്കി മാറ്റുന്ന രീതി ശാസ്ത്രം സ്വീകരിച്ചാണ് സംഘടനയില്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ പ്രവര്‍ത്തനങ്ങളുടെ കരുതലോടെയുള്ള തുടര്‍ച്ചയ്ക്കാണ് വെള്ളിയാഴ്ച ഗള്‍ഫ് നാടുകളില്‍ ലോഗ് ഇന്‍ ചെയ്യപ്പെടുന്നത്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്