ഈ നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നു ശ്രീധരന്‍ പിള്ള
Tuesday, April 8, 2014 9:43 AM IST
ന്യൂയോര്‍ക്ക്: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന വെല്ലുവിളി ഒരു അവസരമായിക്കണ്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ട്, മാനവ രാശിയുടെ നന്മക്കായി, ഭാരതത്തിന്റെ നൂറ്റാണ്ടായി മാറ്റാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്ന് ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍ പിള്ള. 'കണക്ട് ദ ലീഡര്‍' പരിപാടിയില്‍ അമേരിക്കന്‍ മലയാളികളോട് സംവദിക്കുക ആയിരുന്നു അദ്ദേഹം.

ഇതിനു മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി, മോദിയുടെ നേതൃത്വത്തില്‍ ഒരു ചേരിയും, കോണ്‍ഗ്രെസുകാരുടെ നേതൃത്വത്തില്‍ മറു ചേരിയുമായി നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത് .മറ്റു ചേരികളൊക്കെ അപ്രസക്തമായിരിക്കുന്നു. വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും പ്രതിരോധ രംഗത്തെ പാളിച്ചകളും മുന്‍പില്ലാത്ത വിധം രാജ്യത്തിന്റെ ആത്മ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞ ,പ്രധാനമന്ത്രി സ്ഥാനത്തിന്റെ വിശ്വാസ്യതക്ക് പോലും ഇടിവുണ്ടായ കാലമാണ് കടന്നു പോയത് .ദിശാബോധം ഇല്ലാത്ത നേതൃത്വം, ഭരണ നിര്‍വഹണത്തിലെ കെടുകാര്യസ്ഥത തുടങ്ങി, എട്ടു ലക്ഷം രൂപയുടെ അഴിമതി നടന്ന രാജ്യം എന്ന അവസ്ഥയില്‍ നിന്ന് ഒരു വലിയ മാറ്റത്തിന്റെ സൂചന ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. ആ മാറ്റം കേരളത്തിലും പ്രതിഫലിക്കുമെന്ന് സംശയം ഇല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ മാസ്മരിക ശക്തിയില്‍ രാജ്യം ഒരു കുതിപ്പിനായി വെമ്പല്‍ കൊള്ളുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ പ്രവാസി മലയാളികളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു.

നരേന്ദ്ര മോഡിയുടെ നേതൃ പ്രഭാവത്തില്‍ ആകൃഷ്ടരായ യുവ തലമുറയുടെ വിശ്വാസത്തിന്റെ ചിറകിലേറി ബിജെപി വിജയത്തിലേക്ക് എത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വേകളും സൂചന നല്‍കുന്നു. രാജ്യത്തിനെതിരെയുള്ള അപ്രഖ്യാപിത യുദ്ധമായ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തി ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ വര്‍ധിത പ്രതാപത്തോടെ മുന്‍പന്തിയില്‍ എത്താന്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാവുമെന്നു അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്ന് പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു ശ്രീധരന്‍പിള്ള. നരേന്ദ്ര മോദി അനുഭാവികളുടെ കൂട്ടായ്മ ആയ നമോവാകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹരി ശിവരാമന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം