യുപിഎയെ അധികാരത്തിലേറ്റണം: യുഡിഎഫ് നേതാക്കള്‍
Monday, April 7, 2014 6:57 AM IST
റിയാദ്: യുപിഎ വീണ്ടും അധികാരത്തില്‍ വരുന്നതിനായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങള്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് കെഎംസിസി യും ഒഐസിസി യും ചേര്‍ന്നു രൂപീകരിച്ച യുഡിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി കുമ്പളയും ജനറല്‍ കണ്‍വീനര്‍ കുന്നുമ്മല്‍ കോയയും ആഹ്വാനം ചെയ്തു.

വര്‍ഗീയതയുടെയും വംശീയ ഉന്മൂലന സിദ്ധാന്തത്തിന്റെയും പ്രചാരകര്‍ അധികാരത്തിലേറാന്‍ ശ്രമിക്കുന്നത് പ്രവാസി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. അവരെ അധികാരത്തില്‍നിന്നു അകറ്റി നിര്‍ത്തണം. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെയും സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെയും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും സമരാഭാസങ്ങള്‍ക്കുമെതിരെയുളള വിലയിരുത്തല്‍ കൂടിയായിരിക്കും തെരഞ്ഞെടുപ്പു ഫലമെന്നും നേതാക്കള്‍ പറഞ്ഞു.

പ്രവാസി സമൂഹത്തിനിടയില്‍ കഴിഞ്ഞ ഒരു മാസമായി വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തിയത്. വോട്ടവകാശം വിനിയോഗിക്കാന്‍ ധാരാളം യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വദേശങ്ങളിലേക്കു അടുത്ത ദിവസങ്ങളില്‍ യാത്ര തിരിക്കും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത പ്രവര്‍ത്തകരെ നേതാക്കള്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍