തോമസ് ടി. ഉമ്മനെ ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു
Thursday, April 3, 2014 4:50 AM IST
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനായ തോമസ് ടി. ഉമ്മനെ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) നാമനിര്‍ദ്ദേശം ചെയ്തു.

ലിംകയുടെ സ്ഥാപക പ്രസിഡന്റും ജനസമ്മതനുമായ തോമസ് ടി. ഉമ്മന്‍ അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ അമരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് ലിംക പ്രസിഡന്റ് റെജി മര്‍ക്കോസ്, വൈസ് പ്രസിഡന്റ് സെബാസ്റ്യന്‍ തോമസ്, സെക്രട്ടറി ജോസ് ബോബന്‍ തോട്ടം, ജോയിന്റ് സെക്രട്ടറി സനീഷ് തറക്കല്‍, ട്രഷറര്‍ ജോസ് കളപ്പുരയ്ക്കല്‍, ജോയിന്റ് ട്രഷറര്‍ ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ലിംകയിലൂടെയും മറ്റു സാമൂഹിക സാംസ്ക്കാരിക സംഘടനകളിലൂടെയും തോമസ് ടി. ഉമ്മന്‍ തന്റെ വ്യക്തിത്വവും നേതൃത്വപാടവവും തെളിയിച്ചിട്ടുണ്െടന്ന് പ്രസ്താവനയില്‍ പറയുന്നു. മലയാളികളുടെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരുടേയും പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗം തേടി മറ്റുള്ളവരേക്കാള്‍ മുമ്പേ രംഗത്തിറങ്ങുന്ന വ്യക്തികളിലൊരാളാണ് തോമസ് ടി. ഉമ്മന്‍ എന്ന് റെജി മര്‍ക്കോസ് പറഞ്ഞു.

പൊതുജനസമ്മതനും നേതൃത്വപാടവം കൈമുതലായുള്ള തോമസ് ടി. ഉമ്മന്‍ ഫോമയുടെ നേതൃത്വപദവിയിലേക്ക് എത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സേവനം ഫോമക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

സി.എസ്.ഐ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ കൌണ്‍സില്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം, ഹെറിറ്റേജ് ഇന്ത്യാ അസ്സോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ്, ന്യൂയോര്‍ക്ക് സി.എസ്.ഐ. മലയാളം ഇടവകയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. കൂടാതെ, സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, മതസൌഹാര്‍ദ്ദ സമിതി കണ്‍വീനര്‍ എന്നീ നിലകളിലും അദ്ദേഹം സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ചിട്ടുണ്ട്.

മനുഷ്യാവകാശ സംരക്ഷണത്തിനായി ഒട്ടേറെ പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിച്ചിട്ടുള്ള തോമസ് ടി. ഉമ്മന്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ഫീ, ഒ.സി.ഐ. കാര്‍ഡ് പ്രശ്നങ്ങള്‍, വിസാ പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ 2010ല്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേതൃത്വം കൊടുത്തതോടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ