വൈറ്റ് ഹൌസിനുനേരെ വെടിയുതിര്‍ത്ത് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25 വര്‍ഷം തടവ്
Tuesday, April 1, 2014 6:31 AM IST
വാഷിംഗ്ടണ്‍ : വൈറ്റ് ഹൌസിനുനേരെ വെടിയുതിര്‍ത്ത് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25 വര്‍ഷം തടവിന് വിധിച്ചു. 2011 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഉപയോഗിച്ച് പന്ത്രണ്ടു തവണ വൈറ്റ് ഹൌസിനുനേരെ വെടിയുതിര്‍ത്ത ഐഡഹോയില്‍ നിന്നുള്ള ഇരുപതുകാരന്‍ ഒര്‍ട്ടേഗെ ഫെര്‍ണാണ്ടസിനെ 25 വര്‍ഷത്തെ തടവിന് മാര്‍ച്ച് 31 ന് (തിങ്കള്‍) കോടതി ശിക്ഷിച്ചു.

പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. 1,00,000 ഡോളറിന്റെ നാശനഷ്ടമാണ് കെട്ടിടത്തിന് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും കാലിഫോര്‍ണിയായില്‍ ആയിരുന്നു. വെടിവയ്പിനുശേഷം അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രതിയെ പെന്‍സില്‍വാനിയായില്‍ വച്ച് പിടികൂടിയത്.

ലോകാവസാനം സമീപിച്ചുവെന്ന തെറ്റായ വിശ്വാസവും മാനസിക സമ്മര്‍ദവുമാണ് പ്രതിയെ വെടിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് പ്രതിഭാഗം വക്കീലിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി ചെയ്ത കൃത്യം വളരെ ഗൌരവമായി കണക്കാക്കേണ്ടതാണെന്ന് ജഡ്ജി റോസ്മേരി വിധിന്യായത്തില്‍ സൂചിപ്പിച്ചു.

ഇരുപത്തേഴര വര്‍ഷത്തെ തടവുശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ജോര്‍ജ് വര്‍ഗീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍