ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൌസേഫ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Monday, March 31, 2014 4:10 AM IST
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനും, നീതിമാനുമായിരുന്ന വി. യൌസേഫ് പിതാവിന്റെ മരണത്തിരുന്നാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി. മാര്‍ച്ച് 22-ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞ്, നേര്‍ച്ചകാഴ്ച സമര്‍പ്പണം, വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം എന്നിവ നടത്തപ്പെട്ടു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ തിരുനാള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി. ഇടവകയിലെ വിവിധ കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. അവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

വികാരി ഫാ ജോയി ആലപ്പാട്ട് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയ പ്രസുദേന്തിമാര്‍ക്കും, തിരുനാള്‍ മോടിയാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സായ ജോസ് കടവില്‍, ജോണ്‍ വര്‍ഗീസ് തയ്യില്‍പീടിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, ട്രസ്റിമാരായ ഇമ്മാനുവേല്‍ കുര്യന്‍ മേലേക്കുടിയില്‍, മനീഷ് ജോസഫ്, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട് എന്നിവരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും തിരുനാള്‍ മോടിയാക്കുവാന്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം