ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ നൈറ്റ് സംസ്കാരങ്ങളുടെ സംഗമവേദിയായി
Sunday, March 30, 2014 7:58 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കോളജ് ഓഫ് സെന്റ് റോസിലെ ഇന്റര്‍നാഷണല്‍ സ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (ഐഎസ്ഒ) ഒരുക്കിയ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ നൈറ്റ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളുടെ സംഗമ വേദിയായി.

മാര്‍ച്ച് 29 ന് (ശനി) വൈകുന്നേരം അഞ്ചിന് മാഡിസന്‍ അവന്യൂവിലെ സെന്റ് ജോസഫ്സ് ഹാളിലാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ സംഗീതം, നൃത്തം, ഭാഷ, വേഷം, ഭക്ഷണം ഇവയുടെ വൈവിധ്യപൂര്‍ണമായ സമ്മേളനം അരങ്ങേറിയത്. വിശാലമായ സെന്റ് ജോസഫ്സ് ഹാളില്‍ ഒത്തുകൂടിയ വിശ്വപൌരാവലിയെ വിസ്മയഭരിതരാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി സമൂഹവും അധ്യാപക സമൂഹവും ആല്‍ബനിയിലേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഒരുക്കിയത്.

ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ശ്രിലങ്ക, ബ്രസില്‍, കെനിയ, ഘാന, ടാന്‍സാനിയ, ബറുണ്ടി, കോസ്ററിക്ക, ഉഗാണ്ട, റുവാണ്ട, ഐവറി കോസ്റ്, സിംബാബ്വേ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ സംഗീതം, നൃത്തം,ഭാഷ, വേഷം, ഭക്ഷണം ഇവ അടുത്തറിയാനുള്ള അവസരവും ഇതുവഴി സാധിച്ചു. പരമ്പരാഗത ശൈലിയില്‍ വസ്ത്രധാരണം ചെയ്താണ് എല്ലാവരും പരിപാടിയില്‍ പങ്കെടുത്തത്.

സംസ്കാരങ്ങളിലെ വൈവിധ്യവും സാമ്യതകളും അടുത്തറിയുമ്പോള്‍ മനുഷ്യന്‍ ലോകത്തിലെ വിവധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥയില്‍ വ്യത്യസ്ത ഭൂപ്രകൃതിയില്‍ വസിക്കുമ്പോഴും എത്രമാത്രം സമാനമായ മനസിന്റെ ഉടമയാണ് എന്ന തിരിച്ചറിവ് നമ്മുടെ അതിര്‍ത്തികളെ കൂടുതല്‍ കൂടുതല്‍ അപ്രസക്തമാക്കുന്നു എന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കവിയും സാഹിത്യകാരനും കാസര്‍ഗോഡ് ഉദിനൂര്‍ സെന്‍ട്രല്‍ യുപി സ്കൂള്‍ അധ്യാപകനുമായ എ.വി. സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

വിവിധ രാജ്യങ്ങളിലെ വൈവിധ്യതയാര്‍ന്ന സംസ്കാരങ്ങളെ അടുത്തറിയുവാനും ആ രാജ്യങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുവാനും ഈ പരിപാടി സഹായകമായി എന്ന് കോതമംഗലം എസ്ജെഎച്ച്എസ്എസ് അധ്യാപിക ദേവി എം. ഗണേഷ് പറഞ്ഞു.

യുണൈറ്റഡ് സ്റേറ്റ്സ് ഇന്ത്യാ എഡ്യൂക്കേഷന്‍ ഫൌണ്േടഷനും അമേരിക്കയിലെ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഡേഴ്സ് ഓഫ് എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐഎല്‍ഇപി) ഫുള്‍ബ്രെെറ്റ് സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഏഴ് അധ്യാപകരില്‍ കേരളത്തില്‍ നിന്നുള്ള അധ്യാപകരാണ് സന്തോഷ് കുമാറും ദേവി ഗണേഷും. 16 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് കോളജ് ഓഫ് സെന്റ് റോസില്‍ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ