ഇടതുപക്ഷ മതേതര ബദല്‍ രാജ്യതാത്പര്യത്തിന് അനിവാര്യം: എം.എ ബേബി
Friday, March 28, 2014 8:21 AM IST
റിയാദ്: പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഒരു ഇടതുപക്ഷ ജനാധിപത്യ മതേതര ബദല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തേണ്ടത് രാജ്യതാത്പര്യത്തിന് അനിവാര്യമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയുമായ എം.എ. ബേബി പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സാംസ്കാരിക പ്രവര്‍ത്തകനും ഇടതുപക്ഷ സഹയാത്രികനുമായ ജയചന്ദ്രന്‍ നെടുവമ്പ്രം ഉദ്ഘാടം ചെയ്തു. ആഗോള മൂലധന ശക്തികള്‍ക്ക് ജനങ്ങളെ ഒറ്റുകൊടുക്കുകയും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായി കോര്‍പ്പറേറ്റുകള്‍ മന്ത്രിമാരെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസിനും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ബിജെപി സംഘപരിവാര്‍ ശക്തികള്‍ക്കും എതിരെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതണമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

രക്ഷാധികാരി സമിതി അംഗം ദസ്തഗീര്‍, കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവരും പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ കേരളത്തില്‍ എല്ലാ പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളിലെയും പ്രവാസി കുടുംബങ്ങള്‍ക്കിടയിലും റിയാദിലെ പ്രവാസി മലയാളികള്‍ക്കിടയിലും കേളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിപുലമായ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് അസൂത്രണം ചെയ്തിരിക്കുന്നതെന്നും കേളി സെക്രട്ടറി റഷീദ് മേലേതില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍