മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഉദ്ഘാടനം വര്‍ണാഭമായി
Thursday, March 27, 2014 8:06 AM IST
ടാമ്പാ: ടാമ്പായിലും പരിസരപ്രദേശത്തും അധിവസിക്കുന്ന മലയാളികളുടെ കലാ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തിനായി പുതിയതായി രൂപംകൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഔപചാരികമായ ഉദ്ഘാടനം ടാമ്പായിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വര്‍ണശമ്പളമായി നടന്നു.

മാര്‍ച്ച് ഒന്നിന് (ശനി) വൈകുന്നേരം കൃത്യം 6.30നു തന്നെ ലിസി തണ്ടാശേരില്‍, ഷേര്‍ളി കുര്യാക്കോസ്, ഷേര്‍ളി ചെറിയാന്‍ എന്നിവരുടെ പ്രാര്‍ഥനാഗാനത്തോടെ സാംസ്കാരിക സമ്മേളനത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് ടാമ്പായില്‍ കാറപടകത്തില്‍ കൊല്ലപ്പെട്ട യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഫ്ളോറിഡായിലെ വിദ്യാര്‍ഥികളായ ജോബിന്‍ ജോയി കുര്യാക്കോസ്, അങ്കിത്ത് പട്ടേല്‍, ഇംതിയാസ് ഇല്ലിയാസ്, ഡൊമിനിക്ക് യേശുദാസ് എന്നിവരുടെ ആത്മശാന്തിക്കായി ഏവരും എഴുന്നേറ്റു നിന്ന് മൌനപ്രാര്‍ഥന നടത്തി.

തുടര്‍ന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ്മോന്‍ തത്തംകുളം മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ രൂപീകരണലക്ഷ്യങ്ങള്‍ സദസിനു വിശദീകരിച്ചു. അതിനുശേഷം ഈ വര്‍ഷത്തെ ഭാരവാഹികളെ വേദിയിലേക്കു ക്ഷണിച്ചു. തുടര്‍ന്ന് കോണ്‍സ്റിറ്റ്യൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. വിജയന്‍ നായര്‍ ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ഭാരവാഹികള്‍ ഏവരും ഭാരവാഹിത്വം ഏറ്റെടുത്തു. തുടര്‍ന്ന് പ്രസിഡന്റ് സുരേഷ് നായര്‍ ഏവര്‍ക്കും സ്വാഗതം നേര്‍ന്നു.

പ്രശസ്ത കവിയും സാഹിത്യകാരനും കേരള സാഹിത്യ അക്കാഡമി അവാര്‍ഡു ജേതാവുമായി ചെറിയാന്‍ കെ.ചെറിയാന്‍ ഭദ്രദീപം തെളിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഫൊക്കാന ട്രസ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയില്‍ പുതുതായി ആരംഭിച്ച അസോസിയേഷനു ആശംസനേര്‍ന്നു പ്രസംഗിച്ചു.

തുടര്‍ന്നു മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ മേയ് 25ന് സ്ട്രേബെറി ക്രൈസ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഈ വര്‍ഷത്തെ സൂപ്പര്‍ കോമഡി സ്റ്റേജ് ഷോ കേരള എക്സ്പ്രസ് 2014 ന്റെ ടിക്കറ്റ് ഉദ്ഘാടനം ആദ്യ ടിക്കറ്റ് ടാമ്പായിലെ പ്രശസ്ത ബിസിനസ് സാമ്രാട്ട് പി.വി.ചെറിയാനു നല്‍കി കവി ചെറിയാന്‍ കെ.ചെറിയാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്ന് പുതിയതായി ആരംഭിച്ചു മലയാളി വാര്‍ത്ത മാധ്യമമായ ജയഹിന്ദ് ന്യൂസ് പേപ്പറിന്റെ ടാമ്പായിലെ പ്രകാശനം ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് കമാഡര്‍ ജോര്‍ജ് കോരുത് കവി ചെറിയാന്‍ കെ. ചെറിയാനു ഒരു കോപ്പി നല്‍കി നിര്‍വഹിച്ചു. ചടങ്ങിനു ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍ മാമന്‍ സി.ജേക്കബ്, ജോര്‍ജി പി.പി. ചെറിയാന്‍, ജേക്കബ് മാണി പറമ്പില്‍ എന്നിവര്‍ വേദിയില്‍ സാക്ഷ്യം വഹിച്ചു.

തുടര്‍ന്ന് ടാമ്പായിലെ കലാകാരന്‍മാരും കലാകാരികളും ചേര്‍ന്ന് നയനമഹോരമായ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. സെക്രട്ടറി തോമസ് ഏബ്രഹാം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഷാരോണ്‍ ബേബിയും ശ്രേയ സണ്ണിയുമായിരുന്നു ഉദ്ഘാടന പരിപാടികളുടെ അവതാരകന്‍. മാര്‍ട്ടിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ ഈസ്റ് സൈഡ് കേറ്ററിംഗ് ഒരുക്കിയ സ്നേഹവിരുന്ന് ഏവരും ആസ്വദിച്ചു.

പരിപാടികള്‍ക്ക് പ്രസിഡന്റ് സുരേഷ് നായര്‍ വൈസ് പ്രസിഡന്റ് സണ്ണി മറ്റമന പ്രസിഡന്റ് ഇലക്ട് ജോമോന്‍ തെക്കെതൊട്ടിയില്‍, സെക്രട്ടറി തോമസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ബിജോയ് ജോസഫ്, ട്രഷര്‍ മാണി വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ മാത്യു തണ്ടാശേരില്‍ മറ്റു കമ്മിറ്റി അംഗങ്ങളായ സൂസി ജോര്‍ജ്, ജിനോ വര്‍ഗീസ്, മിറ്റു മാത്യു, സൈമണ്‍ തൊമ്മന്‍, വിവേക് ഏബ്രഹാം, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ ജോസ്മോന്‍ തത്തംകുളം, സേവ്യര്‍ വിതേയത്തില്‍, വിജയന്‍ നായര്‍, ഷാബു വര്‍ഗീസ്, തോമസ് കവലിയ വീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യൂ, യൂത്ത് റപ്രസന്റേറ്റീവ്സ് ആയ ശ്രേയ സണ്ണി, എമിന്‍ ഏബ്രഹാം, ഷെറോഡ് ജോസഫ്, ശ്രീവിദ്യ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ്മോന്‍ തത്തംകുളം