ആരോഗ്യ സുരക്ഷാ പദ്ധതി; അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു
Wednesday, March 26, 2014 4:51 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ഗവണ്‍മെന്റ് നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ പകുതി വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ഔദ്യോഗീകമായി പുറത്തുവിട്ടു.

മാര്‍ച്ച് 31 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഫെഡറല്‍ ഇന്‍ഷ്വറന്‍സ് മാര്‍ക്കറ്റ് പ്ളേയ്സില്‍ അപേക്ഷ സമര്‍പ്പിച്ചവരും എന്നാല്‍ പൂര്‍ണമാകാത്തതുമായ അപേക്ഷകര്‍ക്കാണ് ഏപ്രില്‍ പകുതിവരെ സമയം അനുവദിച്ചിരിക്കുന്നത്. വെബ്സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് പല സാങ്കേതിക തടസങ്ങളും ആരംഭം മുതല്‍ തന്നെ പ്രകടമായിരുന്നു. ഒബാമ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മറ്റൊരു പരാജയമാണെന്നാണ് സമയം ദീര്‍ഘിപ്പിച്ചതിനെ കുറിച്ച് റിപ്പബ്ളിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ റീന്‍സ് പ്രിബസ് പ്രതികരിച്ചത്.

അമേരിക്കയിലെ ഓരോ പൌരനും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിരിക്കണമെന്ന് ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ആരോഗ്യസുരക്ഷാരംഗത്ത പ്രതിവാദങ്ങള്‍ക്കും വഴിമരുന്നിട്ടിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഒബാമ കെയര്‍ നടപ്പാക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തിരുന്നുവെങ്കിലും ഒബാമ ഭരണകൂടത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ അടിയറവു പറയേണ്ടിവന്നു. കുറഞ്ഞ വാര്‍ഷികവരുമാനക്കാരെ സംബന്ധിച്ചു ഈ പദ്ധതി വളരെ പ്രയോജനകരമാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍