കെസിസിഎന്‍എ കണ്‍വന്‍ഷന്‍: രജിസ്ട്രേഷന്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്നു
Tuesday, March 25, 2014 6:58 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ കെസിസിഎന്‍എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 11-ാമത് ക്നാനായ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ ആയിരം പിന്നിട്ടു.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന് ഇത്തവണ റിക്കാര്‍ഡ് രജിസ്ട്രേഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്നാനായ കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന ഷിക്കാഗോ കെസിഎസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്നാനായ നൈറ്റില്‍ ഒക്ടോബര്‍ 29 ന് നടത്തിയ കണ്‍വന്‍ഷന്‍ കിക്കോഫുമുതല്‍ അത്ഭുതപൂര്‍വമായ പങ്കാളിത്തമാണ് കണ്‍വന്‍ഷന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആനാലില്‍ അറിയിച്ചു.

വളരെ ലളിതവും കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്കുപോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ കുറ്റമറ്റ വെബ്സൈറ്റ് ക്രമീകരിച്ച റ്റെഡി മുഴയന്മാക്കിലിന്റെ പ്രവര്‍ത്തനം രജിസ്ട്രേഷനിലുടനീളം വളരെ പ്രശംസനീയമായിരുന്നുവെന്ന് കണ്‍വന്‍ഷന്‍ കമ്മിറ്റി ഐകകണ്ഠേന അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹം ഈ കണ്‍വന്‍ഷനെയും ക്നാനായ കൂട്ടായ്മയെയും എത്ര വാത്സല്യത്തോടും സ്നേഹത്തോടെയുമാണ് സ്വീകരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നവംബര്‍ ഒന്നിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ നൂറു രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ഒന്നാംഘട്ട രജിസ്ട്രേഷന്‍ ജനുവരി 15-ന് അവസാനിച്ചപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്ന രജിസ്ട്രേഷന്റെ 75 ശതമാനവും പൂര്‍ത്തീകരിച്ച് കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ചരിത്രത്തില്‍ തന്നെ റിക്കാര്‍ഡ് ഇടുകയാണുണ്ടായതെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം പറഞ്ഞു. കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഉദ്ദേശിക്കുന്ന മാര്‍ച്ച് 31 ന് തന്നെ രജിസ്ട്രേഷന്‍ ക്ളോസ് ചെയ്യുവാന്‍ സാധിക്കുന്നതെന്നും അതുകൊണ്ട് തന്നെ മനോഹരമായ ഒരു കണ്‍വഷന്‍ ഷിക്കാഗോയില്‍ നടത്തുവാന്‍ മുഴുവന്‍ കമ്മിറ്റികളും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ പറഞ്ഞു.

മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുവാന്‍ കഴിയുന്നത് ഷിക്കാഗോ കെസിഎസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണന്നും ഈ കണ്‍വന്‍ഷനില്‍ കെസിഎസില്‍നിന്നും 400 ല്‍ പരം കുടുംബങ്ങള്‍ രജിസ്റര്‍ ചെയ്ത് വളരെ അഭിമാനമായി കാണുന്നുവെന്നും കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം പറഞ്ഞു.

ഇത്തവണത്തെ കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്കായി വളരെയധികം പരിപാടികള്‍ ആസൂത്രണം ചെയ്യുകയും അതുപോലെതന്നെ യുവജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് തന്നെ ഇത്തവണത്തെ കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കുകയുമുണ്ടായി. വടക്കേ അമേരിക്കയിലെ യുവജനങ്ങളുടെ ഇടയില്‍നിന്നും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ വളരെ ആവേശകരമായ പിന്തുണയണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് യൂത്ത് ചെയര്‍മാന്‍ റോണി പുത്തന്‍പറമ്പില്‍ പറഞ്ഞു.

സര്‍വകാല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നേറുന്ന കണ്‍വന്‍ഷനില്‍ ഇതുവരെ രജിസ്റര്‍ ചെയ്ത എല്ലാവര്‍ക്കും കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം നന്ദി പറഞ്ഞു. രജിസ്ട്രേഷന്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ ഇനിയും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്നുതന്നെ രജിസ്റര്‍ ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപറമ്പില്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ വിജയകരമായി നടത്തിയ ജോജോ ആനാലില്‍, റ്റെഡി മുഴയന്മാക്കില്‍, സനീഷ് അറക്കപ്പറമ്പില്‍, മാഗി പാട്ടകണ്ടത്തില്‍, ലൂക്കോസ് തത്തംകിണറ്റുകരയില്‍, സജി മരങ്ങാട്ടില്‍, ജോസ് കൊങ്ങാംപുഴക്കാലായില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കെസിസിഎന്‍എ എക്സിക്യൂട്ടീവിനുവേണ്ടിയും കണ്‍വന്‍ഷന്‍ കമ്മിറ്റിക്കുവേണ്ടിയും ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ അഭിനന്ദനം അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍