അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഭാരതോത്സവത്തിന് തിരി തെളിഞ്ഞു
Monday, March 24, 2014 7:24 AM IST
അബുദാബി: ഉദ്യാന നഗരിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏക അംഗീകൃത സംഘടനയായ അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നടത്തുന്ന ഭാരതോത്സവത്തിനു ഭദ്രദീപം തെളിച്ച് ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം തുടക്കംകുറിച്ചു.

അഞ്ചു നാള്‍ നഗരിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഉത്സവലഹരി പകരുന്ന മേളയുടെ ഉദ്ഘാടനത്തിനു സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും മറ്റു ഇന്ത്യന്‍ വംശജരും ഒത്തുകൂടി. മാറിവരുന്ന സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ, അറബ് ഐക്യ നാടുകളുടെ പ്രധാന വ്യാപാര പങ്കാളിയാകുന്നതായി ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

മൂന്നാം ലോകരാഷ്ട്ര സങ്കല്‍പ്പങ്ങളുടെ കെട്ടുപാടുകളില്‍നിന്നും ഇന്ത്യ മോചിതയാകുന്ന ചിത്രങ്ങള്‍ക്കും ഈ കാലഘട്ടങ്ങളില്‍ നാം സാക്ഷികളാവുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അലൈന്‍ ഐഎസ് സിയുടെ പ്രധാന ഭാരവാഹികള്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഭാരതോത്സവത്തിന്റെ സ്മരണിക പ്രകാരം നിര്‍വഹിച്ചു.

ഇരുപതിലധികം സ്റാളുകള്‍ മേളയില്‍ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷ്യസ്റാളുകള്‍, വിദ്യാഭ്യാസ ബാങ്കിംഗ്, വ്യാപാര സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സ്റാളുകള്‍, വാര്‍ത്താ മാധ്യമങ്ങളുടെ സ്റാളുകള്‍ എന്നിവയും അവയില്‍ പെടുന്നു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളും മേളയ്ക്കു കൊഴുപ്പേകുമെന്ന് കലാവിഭാഗം സെക്രട്ടറിമാര്‍ അറിയിച്ചു. മേളയുടെ ഒടുവില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ മറ്റിസുബിഷി കാര്‍ അടക്കം ഇരുപതിലധികം സമ്മാനങ്ങള്‍ നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള