അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് ഓണക്കൂറിന്
Thursday, March 20, 2014 8:15 AM IST
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ 2013ലെ സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. വി.മധുസൂധനന്‍ നായര്‍, അംഗങ്ങളായ ഡോ.പി.വേണുഗോപാലന്‍, ഡോ.എം.എന്‍.രാജന്‍ സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് എന്നിവര്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

മലയാളത്തില്‍ ആധുനികതയുടെ പ്രഭാവകാലത്ത് എഴുതിത്തുടങ്ങിയ ഡോ.ജോര്‍ജ് ഓണക്കൂര്‍, മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണവും സൂക്ഷ്മവുമായ അനുഭവങ്ങളുടെ ആഖ്യാനം കൊണ്ടും കാല്‍പ്പനികവും തെളിമയുറ്റതുമായ ശൈലികൊണ്ടും സാഹിത്യത്തില്‍ സ്വന്തമായ സ്ഥാനം കണ്െടത്തി, മാറിവരുന്ന സാഹിത്യ പ്രവണതകള്‍ക്കപ്പുറത്ത്, ജീവിത്സമസ്യകളെ അഭിമുഖീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ എഴുത്ത് ജീവിതം എന്നും ജാഗ്രതപുലര്‍ത്തിയിരുന്നുവെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജീവിതമുഹൂര്‍ത്തങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ചെറുകഥാകൃത്ത്, മൌലികമായ ഉപദര്‍ശനങ്ങളുള്ള സാഹിത്യനിരൂപകന്‍, യാത്രാനുഭങ്ങളെ ഹൃദയ സ്പര്‍ശിയാക്കുന്ന സഞ്ചാരസാഹിത്യകാരന്‍ എന്നീ ബഹുമുഖ സര്‍ഗാത്മക വ്യക്തിത്വം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി പറഞ്ഞു.

1982 മുതല്‍ സമാജം മുടങ്ങാതെ നല്‍കിവരുന്ന സാഹിത്യ അവാര്‍ഡ് മലയാളസാഹിത്യത്തിലെ എണ്ണപ്പെട്ട അവാര്‍ഡുകളിലൊന്നാണ് 2500 രൂപയും പ്രശസ്തിപത്രവും ഭലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ അദ്യവാരം സമാജം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

ഈ വര്‍ഷം സമാജം ആദ്യമായി ഏര്‍പ്പെടുത്തിയ അഖിലലോക പ്രവാസി സാഹിത്യ മത്സരങ്ങളിലെ വിജയികളെയും പ്രഖ്യാപിച്ചു. കഥ, 'ഒറ്റക്കൊരമ്മ' എന്ന കഥയ്ക്ക് സൌദി അറേബ്യയിലെ നജീം കൊച്ചുകലുങ്ങ് ഒന്നാം സമ്മാനവും 'വീണ്െടടുപ്പ്' എന്നകഥക്ക് യുഎയിലെ റഫീക് എടപ്പാള്‍ രണ്ടാം സ്ഥാനവും 'അനര്‍ട്ടാഗ്രാമോ' എന്ന കഥക്ക് യുഎയിലെ സലീം അയനേത്ത് മൂന്നാം സ്ഥാനവും നേടി.

കവിത ഒന്നാം സ്ഥാനം 'ഓഴിവുദിവസം' ദയാനന്ദന്‍ (യുഎഇ) ഒന്നാം സ്ഥാനം, 'പ്രവാസികള്‍' ജാസിര്‍ എരമങ്ങലം (യുഎഇ) രണ്ടാം സ്ഥാനം, 'മരുഭൂമി പറഞ്ഞത്' റഫീക് പന്നിയങ്കര (സൌദി അറേബ്യ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലേഖനം: പ്രവാസ ജീവിതം എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം ഷീബ രാമചന്ദ്രന്‍ (സൌദി അറേബ്യ), രണ്ടാംസ്ഥാനം, നാന്‍സി റോജി (യുഎഇ) മൂന്നാം സ്ഥാനം സിന്ദു സജി (യുഎഇ) എന്നിവരെ തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ സൃഷ്ടികളും ഉന്നത നിലവാരം പുലര്‍ത്തിയതായി ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ അസ്മു പുത്തഞ്ചിറ, അഷറഫ് പേങ്ങാട്ടയില്‍ എന്നിവര്‍ അറിയിച്ചു. സമ്മാനദാനം എപ്രില്‍ ആദ്യവാരം നടക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള