സെന്റ് മേരീസ് വിമന്‍സ് ലീഗ് ആന്‍ഡ് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് സംയുക്ത ഏകദിന സെമിനാര്‍ ഏപ്രില്‍ അഞ്ചിന്
Tuesday, March 18, 2014 8:04 AM IST
ഹൂസ്റണ്‍: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന സതേണ്‍ റീജിയന്‍, സെന്റ് മേരീസ് വനിതാ സമാജത്തിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സംയുക്ത ഏകദിന സെമിനാര്‍, ഏപ്രില്‍ അഞ്ചിന് (ശനി) ഹൂസ്റണ്‍, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ നടത്തുന്നു.

തിരുമേനി അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ഹൂസ്റണ്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ബിനു ജോസഫ് സ്വാഗതമാശംസിക്കും. എലിസബത്ത് ജെയിംസ് ബൈബിള്‍ പാരായണം നടത്തും.

'യേശുവേ, ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ' (ലൂക്കോസ് 18:38) എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരെ, നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന സമാശ്വാസ വചനവുമായി അവതരിച്ച ക്രിസ്തുവിന്റെ രക്ഷാസന്ദേശത്തെ അടിസ്ഥാനമാക്കി. തിരുവചനത്തിലൂടെ പ്രഗത്ഭ സുവിശേഷ പ്രാസംഗികനായ ഡാളസ് സെന്റ് ഇഗ് നേഷ്യസ് കത്തീഡ്രല്‍ വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നടത്തും.

ഫാ. വി.എം. തോമസ്, ഫാ. തോമസ് കുര്യന്‍, ഫാ. ഡോ. സാക്ക് വര്‍ഗീസ്, ചാണ്ടി തോമസ് (സെക്രട്ടറി, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റണ്‍), ഷെവലിയാര്‍ ഏബ്രഹാം മാത്യു (നാഷണല്‍ സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, മിലന്‍ റോയി (നാഷണല്‍ സെക്രട്ടറി, സെന്റ് മേരീസ് വിമന്‍സ് ലീഗ്) എന്നിവര്‍ ആശംസകള്‍ നേരും.

വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ സെമിനാറിന് കൊഴുപ്പേകും. ഡി. മാര്‍ട്ടിന്‍ ബാബു, ഡി. അനീഷ് സ്കറിയ, ജോര്‍ജ് പൈലി (സെക്രട്ടറി, മെന്‍സ് ഫെലോഷിപ്പ്, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റണ്‍) എന്നിവരുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസും നടത്തും. ഉച്ചയ്ക്കുശേഷം മെന്‍സ് ഫെലോഷിപ്പിന്റേയും വനിതാ സമാജത്തിന്റെയും ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുളള ചര്‍ച്ചയും ഉണ്ടായിരിക്കും.

ഡാളസ്, ഒക്ലഹോമ, ഹൂസ്റണ്‍, ഓസ്റിന്‍, മെസ്കിറ്റ് എന്നിവിടങ്ങളിലുളള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍, വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി. സോണി ജേക്കബ് (റീജിയണല്‍ കോഓര്‍ഡിനേറ്റര്‍, മെന്‍സ് ഫെലോഷിപ്പ്) അന്നമ്മ ബാബു (റീജിയണല്‍ സെക്രട്ടറി, വിമന്‍സ് ലീഗ്) എന്നിവര്‍ അറിയിച്ചു.

റവ. ഫാ. പോള്‍ തോട്ടക്കാട് (വികാരി സെന്റ് മേരീസ് ചര്‍ച്ച്, ഡാളസ്) നയിക്കുന്ന ധ്യാനത്തോടെ സെമിനാറിന് സമാപനമാകും. ലൂസി പൈലി (സെക്രട്ടറി, വിമന്‍സ് ലീഗ് സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റണ്‍) കൃതജ്ഞത അര്‍പ്പിക്കും. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കുറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍