തൊഴില്‍ സ്ഥലത്തെ പീഡനം: നവയുഗം ഇടപെട്ടു മുംതാസ് നാട്ടിലെത്തി
Tuesday, March 18, 2014 5:54 AM IST
ദമാം: ജോലി ചെയ്തിരുന്ന വീട്ടിലെ പീഡനം സഹിച്ചു കഴിഞ്ഞിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിനി മുംതാസ് (45) നവയുഗം സംസരികവേദി ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിന്റെ ഇടപെടലിലൂടെ നാട്ടില്‍ എത്തി.

12 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മോയിന്‍ കുട്ടി മഞ്ഞപ്പിത്തം വന്നു മരിച്ചതു മുതല്‍ വൃദ്ധ മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല മുംതാസ് ഏറ്റെടുക്കേണ്ടി വന്നു. അടുത്ത വീടുകളില്‍ ജോലിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ മകളെ വിവാഹം കഴിച്ചയച്ചതിന്റെ കടവും വാടക വീട്ടില്‍ കഴിയുന്ന തങ്ങള്‍ക്കു സ്വന്തമായ ഒരു വീടും എന്ന സ്വപ്നം സാഷാത്കരിക്കാനാണ് കൊച്ചിയിലുള്ള വീസ ഏജന്റിന്റെ കൊതിപ്പിക്കുന്ന വാക്കുകളില്‍ ഭ്രമിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ സൌദിയിലെത്തിയത്.

ദമാം ദേശീയ സുരക്ഷ ആശുപത്രിയിലെ ഡോക്ടറായ മുംബൈ സ്വദേശിയുടെ കുടുംബത്തില്‍ ആയിരുന്നു ജോലി. വന്ന നാള്‍ മുതല്‍ ഡോക്ടറുടെ ഭാര്യ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ആവശ്യമായ ഭക്ഷണം നല്‍കില്ല. വെറും തറയില്‍ കട്ടി കുറഞ്ഞ ഒരു ഷീറ്റ് വിരിച്ച് കിടക്കാനാണ് അനുവദിച്ചിരുന്നത്. കടുത്ത തണുപ്പുള്ള സമയത്ത് ഇവിടെ എത്തിയ മുംതാസിന് ഈ അനുഭവങ്ങള്‍ മൂലം തനിക്ക് ഉണ്ടായിരുന്നതും ചികിത്സിച്ചു ഭേദമായിരുന്നതുമായ അസുഖങ്ങള്‍ എല്ലാം പുറത്തുവന്നു.

മാസത്തില്‍ ഒരു ദിവസം കുടുംബവുമായി സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇങ്ങനെ സംസാരിച്ചപ്പോള്‍ തന്റെ അവസ്ഥ ദയനീയമാണന്നും തന്നെ രക്ഷിക്കണമെന്നും മുംതാസ് കുടുംബത്തോട് ആവശ്യപെട്ടു. കുടുംബം തങ്ങളുടെ നാട്ടുകാരനും കെഎഫ്യുപിഎമ്മിലെ ഡോക്ടറുമായ അബ്ദുല്‍ സലാമിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ഡോ. അബ്ദുല്‍ സലാം നവയുഗത്തിന്റെ ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെടുകയും അവരെ ഈ വിഷയം ധരിപ്പിക്കുകയും ചെയ്തു.

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത് മുംതാസിന്റെ സ്പോണ്‍സറുമായി സംസാരിച്ചു. അദേഹം ആരോപണങ്ങള്‍ നിഷേധിച്ചു. മുംതാസിനെ നേരില്‍ക്കണ്ട് സംസാരിക്കണമെന്ന സഫിയ അജിത്തിന്റെ ആവശ്യം സ്പോണ്‍സര്‍ ആദ്യം നിഷേധിച്ചു എങ്കിലും തുടര്‍ച്ചയായുള്ള സമര്‍ദ്ദങ്ങളുടെ ഫലമായി സ്പോണ്‍സറും കുടുംബവും മുംതാസുമായി ദമാമിലെ എംബസി ഓഫീസില്‍ എത്തി.

തീരെ അവശയായ മുംതാസ് പറയുന്നതില്‍ സത്യമുണ്െടന്ന് സഫിയക്ക് ബോധ്യമായി. മുംതാസിനെ ഉപദ്രവിച്ചിട്ടുണ്െടന്നു സ്പോണ്‍സറുടെ ഭാര്യയും സമ്മതിച്ചു. തങ്ങള്‍ കഴിക്കുന്ന ഭക്ഷണം മാത്രമേ നല്‍കാന്‍ കഴിയുവെന്നും മുംതാസിനായി പ്രത്യേകം ഭക്ഷണം നല്കാന്‍ കഴിയില്ലെന്നും ചര്‍ച്ചകള്‍കൊടുവില്‍ ഇനി മുംതാസിനെ ഉപദ്രവിക്കില്ല എന്നും ഭക്ഷണവും തമാസ സൌകര്യവും മെച്ചപ്പെടുത്താമെന്നു സ്പോണ്‍സര്‍ ഉറപ്പു നല്‍കിയെങ്കിലും വീണ്ടും ജോലിയില്‍ തുടരാനോ അവരോടൊപ്പം പോകാനോ മുംതാസ് തയാറായില്ല. മുംതാസിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സഫിയ മുംതാസിനെ സ്പോണ്‍സറിന്റെ അനുമതിയോടുകൂടി തന്റെ വീട്ടില്‍ കൊണ്ടുവന്നു പാര്‍പ്പിക്കുകയും അവരെ എത്രയുംവേഗം നാട്ടില്‍ കയറ്റിവിടണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായി കഴിഞ്ഞ ദിവസം മുംതാസിനെ ടിക്കറ്റ് നല്‍കി കയറ്റിവിട്ടു. മുംതാസിനെ യാത്രയാക്കാന്‍ സ്പോണ്‍സറൊടൊപ്പം സഫിയ അജിത്തും ഡോ. അബ്ദുള്‍ സലാമും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. തന്നെ സഹായിച്ച എല്ലാവര്‍ക്കും മുംതാസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം