പാണ്ടിമുരുകന്‍ നാട്ടിലേക്ക് മടങ്ങി
Monday, March 17, 2014 4:18 AM IST
കുവൈറ്റ്: ജോലിക്കിടെ സംഭവിച്ച കെമിക്കല്‍ സ്ഫോടനത്തെ തുടര്‍ന്ന് ഒരു വര്‍ഷം അബോധാവസ്ഥയിലും രണ്ട് വര്‍ഷം നിയമക്കുരുക്കിലും കുടുങ്ങി ദുരിതത്തിലായ തമിഴ്നാട് സ്വദേശി പാണ്ടിമുരുകന്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസി അധികൃതരുടെ സഹായവും സാമൂഹിക പ്രവര്‍ത്തക സംഘമായ സാന്ത്വനം കുവൈറ്റിന്റെ ഇടപെടലുമാണ് പാണ്ടിമുരുകന്റെ യാത്രക്ക് തുണയായത്.

2010ലാണ് തമിഴ്നാട്ടിലെ പുളിയങ്കുടി സ്വദേശിയായ പാണ്ടിമുരുകന് സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ കെമിക്കല്‍ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഒരു കൊല്ലത്തോളം കോമ സ്റ്റേജിലും പിന്നീട് രണ്ടുവര്‍ഷം പ്ളാസ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സയിലുമായിരുന്നു ഇയാള്‍. മുഖമുള്‍പ്പെടെ ശരീരത്തിന്റെ ഒരുഭാഗം പൂര്‍ണമായും തളര്‍ന്ന ഇയാള്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയായിരുന്നു. നിരവധി തവണ പ്ളാസ്റിക് സര്‍ജറി നടത്തിയശേഷമാണ് മുഖത്തിന്റെ സ്ഥിതിയില്‍ കുറച്ചെങ്കിലും മാറ്റംവന്നത്. ജോലി ചെയ്തിരുന്ന കമ്പനി കുറച്ചുകാലം ശ്രദ്ധിച്ചിരുന്നെങ്കിലും പിന്നീട് കമ്പനി അടച്ചുപൂട്ടിയതോടെ സുഹൃത്തുക്കളുടെ കരുണയിലാണ് പാണ്ടിമുരുകന്‍ കഴിഞ്ഞിരുന്നത്. കമ്പനിയുടെ താമസസ്ഥലത്തുനിന്ന് കെട്ടിടമുടമ ഇറക്കിവിട്ടശേഷം താമസരേഖകള്‍ പോലുമില്ലാതെ വലഞ്ഞ ഇയാള്‍ സുഹൃത്തുക്കളുടെ സംരക്ഷണത്തില്‍ മംഗഫിലെ ഒരു തകരഷെഡിലായിരുന്നു ഏഴുമാസത്തോളമായി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം കുവൈറ്റ് എയര്‍വേയ്സ് വിമാനത്തില്‍ വന്നിറങ്ങിയ പാണ്ടിമുരുകനെ സ്വീകരിക്കാന്‍ ഏഴുവര്‍ഷമായി കണ്ടിട്ടില്ലാത്ത ഭാര്യയും മകളും വൃദ്ധരായ മാതാപിതാക്കളും 600 കിലോമീറ്ററിലധികം താണ്ടി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍