ഫാ. പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു
Friday, March 14, 2014 4:29 AM IST
ഹാലിഫാക്സ്: പ്രശസ്ത ഗാനരചയിതാവും പ്രഭാഷകനുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ പുതിയ പുസ്തകമായ 'ലിവ് ഇന്‍സ്പേഡ് ആള്‍വേയ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇസ്റേണ്‍ പാസേജ് ലയണ്‍സ് ക്ളബ് ഓഡിറ്റോറിയത്തില്‍ നടന്നു. ഹാലിഫാക്സ് ആര്‍ച്ച് ബിഷപ് ആന്റണി മാന്‍സിനി പുസ്തകം കനേഡിയന്‍ പാര്‍ലമെന്റ് ജനപ്രതിനിധി പീറ്റര്‍ സ്റോഫര്‍ക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചത്. സംസ്ഥാന നിയമസഭാംഗം ജോയ്സ് ട്രീന്‍, സിറ്റി കൌണ്‍സിലര്‍ ബില്‍ കാസ്റെന്‍ മറ്റ് ഇന്തോ കനേഡിയന്‍ പ്രമൂഖരും ചങ്ങില്‍
പങ്കെടുത്തു.

അന്തര്‍ദേശീയ പ്രസാധകശാലയായ സെന്റ് പോള്‍സ് പബ്ളിക്കേഷന്‍സ് പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചൈതന്യവത്തായ അധ്യാത്മിക ആശയങ്ങള്‍ക്കൊണ്ടും ദര്‍ശനപരവും മൂല്യബോധനാത്മകപരവുമായ ചിന്താധാരകള്‍ക്കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇംഗ്ളീഷ് ഭാഷയില്‍ എഴുതിയ ഈ പുസ്തകത്തില്‍ ഏവരേയും കര്‍മോന്മുഖരാക്കുന്നതും പ്രചോദനാത്മകവുമായ കഥകളും ഉപന്യാസങ്ങളും സന്ദേശങ്ങളുമാണുള്ളത്.

320 പേജുകളുള്ള ഈ മഹത്ഗ്രന്ഥത്തിന്റെ രചനശൈെലി ലളിതസുന്ദരവും ചേതനാപൂര്‍ണവുമാണ്. ഫാ. പിച്ചാപ്പിള്ളിയുടെ ആദ്യ പുസ്തകം മുംബൈ സെന്റ് പോള്‍സ് പബ്ളീഷ് ചെയ്ത ടേബിള്‍ ഓഫ് ദ് വേഡ് ആണ്.

ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി തുടങ്ങിയ ക്രിസ്തീയ ആല്‍ബങ്ങളുടെ രചയിതാവായ ഫാ. പിച്ചാപ്പിള്ളിക്ക് അന്താരാഷ്ട്ര മലയാളവേദിയുടെ 2007ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാനഡയിലെ നോവാസ്കോഷ്യ സംസ്ഥാന ഗവണ്‍മെന്റ് 2012ലും 2013ലും അദ്ദേഹത്തിനെ ആദരിച്ചു. 20 വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന ഫാ.പിച്ചാപ്പിള്ളി ഇസ്റേണ്‍ പാസേജ് സെന്റ് ആന്‍ഡ്രൂസ് ദേവാലയ വികാരിയും ഇടുക്കി തോക്കുപാറ സ്വദേശിയുമാണ്.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍