മലയാളി വ്യവസായിക്ക് ഏഴുപത് കോടി രൂപ നഷ്ടപരിഹാരം
Thursday, March 13, 2014 8:39 AM IST
ജിദ്ദ: സൌദിയിലെ പ്രമുഖ മലയാളി വ്യവസായിക്ക് 4.3 കോടി റിയാല്‍ നല്‍കാന്‍ സൌദി കോടതി ജിദ്ദയിലെ പ്രശസ്ത ആശുപത്രിയോട് നിര്‍ദ്ദേശിച്ചു. ആശുപത്രിയുടെ നിക്ഷേപകനായ വ്യവസായി കെ.ടി റബീഉള്ളയ്ക്കാണ് ഏകദേശം ഏഴുപത് കോടി രൂപ വരുന്ന തുക നല്‍കേണ്ടത്. ഈ തുക അഞ്ചുദിവസത്തിനുള്ളില്‍ നിക്ഷേപകന് കൈമാറിയെന്ന് ഉറപ്പുവരുത്തണമെന്ന് നീതിനിര്‍വഹണത്തിലെ ആറാം ബഞ്ച് പോലീസിന് നിര്‍ദ്ദേശം നല്‍കി.

നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തുക കൈമാറിയില്ലെങ്കില്‍ ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ജഡ്ജി സാമി സഅദ് ആലുഅതീഖ് വ്യക്തമാക്കിയിട്ടുണ്ട്.

സൌദിയിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യമാണ് റബീഉള്ള. ഇന്ത്യയില്‍ നിന്നും ഉന്നത ഔദ്യോഗിക പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. ജിദ്ദയില്‍ തുടങ്ങിയ അത്യന്താധുനിക സൌകര്യങ്ങളുള്ള ആശുപത്രിയുടെ നിക്ഷേപകനായിരുന്നു ഇദ്ദേഹം. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയരുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. ഈ കേസിലാണ് വിധി വന്നിരിക്കുന്നത്.

കോടതിവിധി പാലിച്ചില്ലെങ്കില്‍ ആശുപത്രി ഉടമയായ സൌദി പൌരന് ശക്തമായ നിയമനടപടികളായിരിക്കും നേരിടേണ്ടിവരികയെന്ന് ഇന്ത്യന്‍ നിക്ഷേപകന്റെ അഭിഭാഷകന്‍ സുലൈമാന്‍ സാലിം അല്‍ ഹുനൈനി പറയുന്നു. ആശുപത്രി ഉടമക്ക് യാത്രാവിലക്കേര്‍പ്പെടുത്തുകയും സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നത് തടയുകയും വേണ്ടിവന്നാല്‍ സ്വത്തുക്കള്‍ പിടിച്ചുവച്ച് വിധി നടപ്പാക്കുകയും ചെയ്യും. തന്റെ പേരിലുള്ള സകല സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ആശുപത്രി ഉടമക്ക് വെളിപ്പെടുത്തേണ്ടിവരും. മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ആശുപത്രി ഉടമക്കെതിരെ നടപടികള്‍ സ്വീകരിക്കും. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പണം തടഞ്ഞുവയ്ക്കുകയും ചെയ്യും. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്തുക്കളും മറ്റാരുടെയെങ്കിലും പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയതായി തെളിവുലഭിച്ചാല്‍ അതും വെളിപ്പെടുത്താന്‍ ഉത്തരവിടും. ചുരുക്കത്തില്‍ ശക്തമായ സാമ്പത്തിക വിലക്കായിരിക്കും ആശുപത്രി ഉടമ നേരിടേണ്ടിവരിക. ഇന്ത്യന്‍ നിക്ഷേപകന് തുക കൈമാറും എന്ന് ഉറപ്പുവരുത്താനായാണ് നടപടികള്‍. ഏതെങ്കിലും സാഹചര്യത്തില്‍ തുക കൈമാറാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ആശുപത്രി ഉടമക്ക് വിധി നടപ്പാകും വരെ ജയിലില്‍ കഴിയേണ്ടിവരുമെന്നും ലീഗല്‍ കണ്‍സള്‍ട്ടന്റ് സുലൈമാന്‍ സാലിം അല്‍ ഹുനൈനി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍