ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്െടത്തി
Wednesday, March 12, 2014 3:23 AM IST
ന്യുയോര്‍ക്ക്: ഫെബ്രുവരി 24 മുതല്‍ കാണാതായ ജാസ്മിന്‍ ജോസഫിനെ വീട്ടിനടുത്തുള്ള മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ മരിച്ചനിലയില്‍ കണ്െടത്തിയതായി പിതാവ് സോണി ജോസഫിന്റെ ഭവനത്തില്‍ എത്തിയ പോലീസ് ഓഫീസര്‍ അറിയിച്ചു. ലോംഗ് ഐലന്‍ഡിലെ ജെറിക്കോ ടേണ്‍പൈക്കിനു സമീപം സയോസെറ്റ് പ്ളാസയിലാണു കാര്‍ കിടന്നിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ കാര്‍ കണ്െടത്തി എന്നാണ് പോലീസ് പറയുന്നത്.

മരണ കാരണം വ്യകതമല്ല. അസാധാരണമായി ഒന്നും നടന്നിട്ടില്ലെന്നു പറഞ്ഞു കാര്യമായ അന്വേഷണമൊന്നും നടത്താതിരുന്ന പോലീസ് രണ്ടാഴ്ചക്കു ശേഷം പുലര്‍ച്ചെ ജാസ്മിന്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്െടത്തിയതായി എന്ന ദുഖവാര്‍ത്തയുമായാണു എത്തിയത്.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു. മൃതശരീരം സാധാരണ നിലയിലാണെന്നും മുഖത്തിനു യാതൊരു വിത്യാസവും വന്നിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ജാസ്മിന്‍ ജോസഫിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ പോലീസ് വീട്ടുകാരെ ഏല്പ്പിച്ചു.

പാര്‍ക്കിഗ് ഏരിയയില്‍ കണ്െടത്തിയ 2012 സില്‍വര്‍ നിസ്സാന്‍ ആല്‍റ്റിമ കാറില്‍ ഐസ് മൂടി കിടന്നിരുന്നതിനാലാണ് കണ്െടത്തുവാന്‍ കഴിയാതിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ജാസ്മിന്റെ മൃതശരീരം കാറിനുള്ളില്‍ തന്നെയുണ്ടായിരുന്നതായും, കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതായിരിക്കാം മരണകാരണമെന്നും സംശയിക്കുന്നു. കാര്‍ പോലീസ് പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് മാറ്റി. കാറിന്റെ താക്കോല്‍ അതിനുള്ളില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ജാസ്മിന്‍ അതിലുണ്ടായിരുന്നോ എന്നുള്ള കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ 16 ദിവസമായി കാണാതിരുന്ന ജാസ്മിന്‍ ജോസഫിന്റെ മൃതദേഹം പെട്ടന്ന് കഴിഞ്ഞ രാത്രിയില്‍ വലിയ തിരക്കുള്ള മാളിന്റെ പാര്‍ക്കിഗ് ഏരിയയില്‍ കണ്െടത്തിയതായി പറയുന്നതില്‍ ഏറെ ദുരൂഹതകള്‍ അവശേഷിക്കുന്നു. കഴിഞ്ഞ 16 ദിവസമായി പാര്‍ക്കിഗ് ഏരിയയില്‍ കിടന്നിരുന്ന കാര്‍ ഇത്രയൊക്കെ അന്വേഷണം നടത്തിയിട്ടും ആരുടേയും ശ്രദ്ധയില്‍ പെടാതിരുന്നതും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു. കാര്‍ സിറ്റി വിട്ട് പോയിട്ടില്ലെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. അപ്പോഴൊക്കെ വീടിനുഅധികം ദൂരെയല്ലാതെ ആ കുരുന്നു ജീവന്‍ അപകടത്തിലായിരുന്നു എന്നു കണ്െടത്താന്‍ ആര്‍ക്കും സാധിച്ചില്ല. ഈ മരണത്തിനു പിന്നില്‍ എന്താണു സംഭവിവിച്ചതെന്നാണു ഇനിയും വ്യക്തമാകേണ്ടതുണ്ട്.

1989 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ജാസ്മിന്റെ പിതാവ് കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ഇടവകാഗമായ വണ്ടനാംതടത്തില്‍ സോണി ജോസഫ് ന്യൂയോര്‍ക്കില്‍ മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടിയിലെ ഉദ്യോഗസ്ഥനും മാതാവ് ലൌലി നോര്‍ത്ത്ഷോര്‍ പ്ളൈന്‍വ്യൂ ഹോസ്പിറ്റലില്‍ സ്റാഫ് നഴ്സ് ആയും സേവനമനുഷ്ഠിക്കുന്നു. ജാസ്മിന്‍ ജോസഫിന്റെ സഹോദരന്‍ ആല്‍വിന്‍ ജോസഫ് കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.

ജോളി ജോസഫ്, ഷാജി ജോസഫ്, പ്രിന്‍സ് ജോസഫ് (എല്ലാവരും ന്യൂയോര്‍ക്ക്), ലില്ലി മാത്യൂസ്, ജോണ്‍സണ്‍ ജോസഫ് (ഇരുവരും ലോസ് എയ്ന്‍ജല്‍സ്), വത്സല (ടൊറന്റോ) ആലീസ് തോമസ്(കളത്തൂര്‍), തങ്കച്ചന്‍ ജോസഫ് (ഏറണാകുളം) എന്നിവരാണ് സോണി ജോസഫിന്റെ സഹോദരങ്ങള്‍.

എലഞ്ഞി കൊച്ചുപുരക്കല്‍ കുടുംബാഗമായ ലൌലി 1986ല്‍ ജോലിക്കായി അമേരിക്കയിലേക്ക് വന്നു. ന്യൂയോര്‍ക്കിലെ ലോങ്ങ്ഐലന്റില്‍ താമസിക്കുന്ന ജോര്‍ജ് കൊച്ചുപുരക്കല്‍, തങ്കച്ചന്‍ കൊച്ചുപുരക്കല്‍, ജോസി കൊച്ചുപുരക്കല്‍ എന്നിവരാണ് ലൌലിയുടെ സഹോദരങ്ങള്‍.

വളരെ അച്ചടക്കമുള്ള കുട്ടിയായിവളര്‍ന്ന ജാസ്മിന്റെ സ്വഭാവമഹിമയും പാരമ്പര്യത്തിലധിഷ്ഠിതമായ വിശ്വാസങ്ങളും, മലയാളികളും, അയല്‍ക്കാരും ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടില്‍നിന്നു മാറിനില്‍ക്കാനുള്ള മടികൊണ്ടാണു കോളജ് ഡോര്‍മിറ്ററിയിലേക്ക് ജാസ്മിന്‍ താമസം മാറാതിരുന്നത് എന്ന് പറയപ്പെടുന്നു.

ന്യുയോര്‍ക്ക് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കഴിഞ്ഞവര്‍ഷം മെയ്മാസത്തിനുശേഷം ജാസ്മിന്‍ എന്‍റോള്‍ ചെയ്തിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞുവെങ്കിലും, ഫാള്‍ സെമസ്ററിലേക്ക് 6072 ഡോളര്‍ ഫീസ് അടച്ചതിന്റെ ക്രെഡിറ്റ് കാര്‍ഡ് രേഖ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കി. അതു സംബന്ധിച്ച് കോളജ് വിശദീകരണമൊന്നും പിന്നീട് നല്‍കിയിട്ടില്ല. ആ തുക തിരിച്ച് നല്‍കാമെന്നു കോളജ് അധികൃതര്‍ അറിയിച്ചതായി പിതാവ് സോണി ജോസഫ് പറഞ്ഞിരുന്നു.

താന്‍ കോളജ് ലൈബ്രറിയിലാണെന്നാണു ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് 5:17നു അവസാനമായി ഫോണില്‍ ജാസ്മിന്‍ പറഞ്ഞത്. അതിനു ശേഷം ഒരു വിവരവുമില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി ജോസഫ്: 8456531227

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം