കുവൈറ്റ് എയര്‍വേഴ്സില്‍ ഇന്ത്യന്‍ യുവതിക്ക് സുഖപ്രസവം
Monday, March 10, 2014 6:38 AM IST
കുവൈറ്റ് : കുവൈറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട കുവൈറ്റ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. എട്ടര മാസം ഗര്‍ഭിണിയായ ആന്ധ്രാ സ്വദേശിനി രാധയാണ് (37) ആണ്‍കുട്ടിക്ക് വിമാനത്തില്‍ സ്വാഭാവിക ജന്മം നല്‍കിയത്.

കുവൈറ്റില്‍ നിന്നും ജോലി മതിയാക്കിയതിനെ തുടര്‍ന്ന് പ്രസവ ശുശ്രൂഷക്കായി കുവൈറ്റ് എയര്‍വേഴ്സിന്റെ ഗഡ 343 വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ച രാധക്ക് യാത്രയുടെ തുടക്കത്തില്‍ യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ചെന്നൈയോടുത്തപ്പോള്‍ കലശലായ വേദന തോന്നിയ രാധ എയര്‍ഹോസ്റസിനെ വിവരം ധരിപ്പിക്കുകയും അതേ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടറുടെ സഹായത്തോടെ കുഞ്ഞിനു ജന്മം നല്‍കുകയാണുണ്ടായത്.

പുലര്‍ച്ച 4.20 ന് ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനം രാധയുടെ പ്രസവത്തെ തുടര്‍ന്ന് അല്‍പ്പനിമിഷം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടു പറന്ന് 4.30 നാണ് നിലത്തിറങ്ങിയത്. കൃത്യം 4.16 ന് കുഞ്ഞിന് ജന്മം നല്‍കിയ രാധയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.

ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ രാധയും ഭര്‍ത്താവ് സുബ്രഹ്മണ്യനും ഒരു വര്‍ഷം മുമ്പാണ് ജോലി ആവശ്യാര്‍ഥം കുവൈറ്റിലെത്തിയത്. സിറ്റിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ജോലി ചെയ്തിരുന്ന രാധ ജോലി സ്ഥലത്തെ പീഡനങ്ങളെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്. വിമാനത്തിലെ ജീവനാക്കാരുടെയും പൈലറ്റിന്റെയും അവസരോചിതമായ ഇടപെടലാണ് ദമ്പതികള്‍ക്ക് തുണയായതെന്ന് സഹയാത്രികര്‍ പറഞ്ഞു. പ്രസവവേദന വന്നപ്പോള്‍ തന്നെ വിമാനത്തില്‍ യാത്ര ചെയ്യുന്ന മെഡിക്കല്‍ ഡോക്ടറുടെ സേവനം അഭ്യര്‍ഥിച്ച വിമാന ജീവനക്കാര്‍ സുഖപ്രസവത്തിനു വേണ്ട സൌകര്യങ്ങള്‍ വിമാനത്തിന് പുറകില്‍ ലഭ്യമാക്കി.

സാധാരണയായി പൂര്‍ണഗര്‍ഭണികളായ സ്ത്രീകളെ വിമാന കമ്പനികള്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കാറില്ല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍