കുവൈറ്റില്‍ ജോലിക്കെത്തിയ മലയാളി യുവാവ് അതിര്‍ത്തികടന്ന് റിയാദ് എംബസിയില്‍ അഭയംതേടി
Monday, March 10, 2014 6:33 AM IST
റിയാദ്: കുവൈറ്റില്‍ ഡ്രൈവര്‍ വീസയിലെത്തിയ മലയാളി മെക്കാനിക്കല്‍ എന്‍ജിനിയര്‍, ആടു മേയ്ക്കാനായി സൌദി അതിര്‍ത്തി കടത്തിയ സ്പോണ്‍സറുടെ കണ്ണു വെട്ടിച്ച് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. കൊല്ലം ജില്ലയിലെ നെല്ലിമൂട് കുളത്തൂപ്പുഴ സ്വദേശി കുഴിവിള ഷിബിന്‍ സൈനുദ്ദീന്‍ (22) ആണ് കഴിഞ്ഞ ദിവസം രണ്ട് മാസത്തെ ദുരിതത്തിനൊടുവില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയിലെത്തിയത്.

കുവൈറ്റിലുള്ള ഏജന്റുമാരായ തിരുവനന്തപുരത്തു നിന്നുള്ള സജി കുമാര്‍, ജഹാംഗീര്‍ എന്നിവരാണത്രെ ഷിബിന് വീസ നല്‍കിയത്. സജി കുമാറിന്റെ നാട്ടിലുള്ള ഭാര്യ സോണിയ ഇടനിലക്കാരിയായി 65,000 രൂപ വീസക്കായി ഷിബിന്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ വീസയില്‍ കുവൈറ്റിലെത്തി ഡ്രൈവിംഗ് ലൈസന്‍സും എടുത്ത ശേഷമാണത്രെ ഏജന്റുമാര്‍ അറബിയോടൊപ്പം സൌദി അതിര്‍ത്തി കടത്തി നാരിയ എന്ന ഗ്രാമത്തില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള വിജനമായ മരൂഭൂമിയിലേക്ക് വിട്ടത്.

ദിവസങ്ങളോളം ഭക്ഷണവും താമസ സൌകര്യവുമില്ലാതെ മരുഭൂമിയില്‍ കഷ്ടപ്പെട്ട ഷിബിന്‍ ഒരു ഉത്തരേന്ത്യക്കാരന്റെ സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തനായ നൂറുദ്ദീന്‍ കൊട്ടിയത്തേയും എംബസിയേയും ബന്ധപ്പെടുകയായിരുന്നു.

റിയാദിലുള്ള ഷിബിന്റെ പിതാവ് സൈനുദ്ദീനും വിവരമറിഞ്ഞ് എംബസിയില്‍ പരാതി നല്‍കി. കൈവശം ഒരു രേഖയുമില്ലാതിരുന്ന ഷിബിന് റിയാദിലെത്താന്‍ നാട്ടില്‍ നിന്നും പാസ്പോര്‍ട്ടിന്റെ കോപ്പി വരുത്തിയ ശേഷമാണ് എംബസി എഴുത്ത് നല്‍കിയത്. ഒരു ഡ്രൈവറുടെ സഹായത്തോടെ കഴിഞ്ഞ ദിവസം റിയാദിലെത്തിയ ഷിബിന്‍ ഇപ്പോള്‍ എംബസിയുടെ അഭയകേന്ദ്രത്തിലാണ്.

എംബസി വെല്‍ഫെയര്‍ വിഭാഗം അറ്റാഷെ ഡോ. അലീം, ഷിബിന്റെ വിശദവിവരങ്ങള്‍ക്കായി കുവൈറ്റിലുള്ള ഇന്ത്യന്‍ എംബസിയിലേക്ക് എഴുതിയിട്ടുണ്ട്. അവിടെ നിന്നും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഷിബിനെ നാട്ടലേക്ക് കയറ്റി വിടാനാകുമെന്ന് ഡോ.അലീം പറഞ്ഞു.

ഇങ്ങനെയുള്ള നിരവധി പേര്‍ മലയാളി ഏജന്റുമാരുടെ കെണിയില്‍പ്പെട്ട് കുവൈറ്റ് സൌദി ബോര്‍ഡറുകളില്‍ നരകയാതന അനുഭവിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഷിബിനെ കൊണ്ടുവന്ന മലയാളി ഏജന്റുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ പുഛസ്വരത്തിലാണ് സംസാരിച്ചതെന്ന് നൂറുദ്ദീന്‍ കൊട്ടിയം പറഞ്ഞു. കുവൈറ്റിലേയും സൌദിയിലേയും ഇന്ത്യന്‍ എംബസികള്‍ സംയുക്തമായി ഇക്കാര്യത്തില്‍ നടപടികളെടുത്താല്‍ മാത്രമേ ഇതിന് ഒരു അറുതി വരുത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.