സിറ്റി ഫ്ളവര്‍ റിഫ ഫുട്ബോള്‍ 2014: റോയല്‍ റിയാദ് സോക്കറിന് വിജയം
Monday, March 10, 2014 6:32 AM IST
റിയാദ്: നാല് വാരമായി റിയാദില്‍ നടന്നു വരുന്ന സിറ്റി ഫ്ളവര്‍ റിഫ ഫുട്ബോള്‍ 2014 ല്‍ വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് റോയല്‍ റിയാദ് സോക്കര്‍ ബത്ഹ ഇലവനെ പരാജയപ്പെടുത്തി.

മൂന്ന് ഗോളുകളോടെ ഹാട്രിക് നേടിയ ഷരീഫ് കാളികാവാണ് മാന്‍ ഓഫ് ദ മാച്ച്. റിയാദ് സോക്കറിന്റെ നാലാമത്തെ ഗോള്‍ യാസര്‍ സ്കോര്‍ ചെയ്തു. റിഫ വൈസ് പ്രസിഡന്റ് ദേവന്‍, ബഷീര്‍ കാരന്തൂര്‍, കരീം മഞ്ചേരി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാമത്തെ മത്സരത്തില്‍ ഹാഫ് ലൈറ്റ് ഇലവനും കേരള ഇലവനും ഈരണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ഹാഫ്ലൈറ്റിനു വേണ്ടി ഹക്കീം 2, കേരള ഇലവനുവേണ്ടി ഷക്കീല്‍ തിരൂര്‍ക്കാട് 2 ഗോളുകള്‍ നേടി. ഹക്കീമാണ് മാന്‍ ഓഫ് ദ മാച്ച്. മുഹ്സിന്‍, ശിഹാബ് പാഴൂര്‍, മുജീബ് ഉപ്പട, ഹൈദ്രോസ് തങ്ങള്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. റിഫ ഫുട്ബോളില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു മുന്നേറുന്ന സംഗമം സോക്കര്‍ ടീം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐഎഫ്എഫ് എഫ്സിയെ പരാജയപ്പെടുത്തി. മാന്‍ ഓഫ് ദ മാച്ചായ മസൂദിന്റെ ഇരട്ട ഗോളുകളാണ് സംഗമം സോക്കറിന്റെ വിജയം നിര്‍ണയിച്ചത്. നവാസ് കണ്ണൂര്‍, മജീദ് ബക്സര്‍, മാനു മങ്കട, മുജീബ് ഒതായി, ഷൌലിക് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍