അഹമ്മദിന്റെ കുടുംബത്തെ സഹായിക്കാന്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു
Monday, March 10, 2014 6:32 AM IST
ദമാം: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും കൊദ്രിയ നോര്‍ത്ത് യൂണിറ്റിലെ മുന്‍ നവോദയ മെംബറും ആയിരുന തെക്കൂട്ട് വീട്ടില്‍ ടി.എ അഹമ്മദ് (37) ന്റെ കുടുംബത്തെ സഹായിക്കാനായി കൊദ്രിയ കേന്ദ്രീകരിച്ച് ഒരു ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി.

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ച അഹമ്മദ് കൊദ്രിയയില്‍ ഹോട്ടല്‍ തൊഴിലാളി ആയിരുന്നു. അസുഖത്തെതുടര്‍ന്ന് യൂണിറ്റ് കമ്മിറ്റിയും ഏരിയ കമ്മിറ്റിയും സംയുക്തമായി ടിക്കറ്റും ചികിത്സാ സഹായവും നല്‍കി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് യാത്ര ആക്കിയിരുന്നു.

ഭാര്യ ഷമീറയും പതിനാലും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു മരണപ്പെട്ട അഹമ്മദ്. രണ്ടു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായതിനാലാണ് ജനകീയ കമ്മിറ്റി രൂപീകരിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ നവോദയ തീരുമാനിച്ചത്.

ഗഫൂര്‍ കരിമ്പ അധ്യക്ഷത വഹിച്ച ജനകീയ കമ്മിറ്റി രൂപീകരണ യോഗത്തില്‍ പ്രേംസി ഏബ്രഹാം സ്വാഗതവും മേഖല സാമൂഹ്യക്ഷേമ കണ്‍വീനര്‍ ഉണ്ണി ഗുരുവായൂര്‍ നന്ദിയും പറഞ്ഞു. ദല്ല ഏരിയ സാമൂഹ്യക്ഷേമ കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഷാജഹാന്‍ ഇട്ടോള്‍ ചെയര്‍മാനും റിയാസ് പറളി, ഉണ്ണി ഗുരുവായൂര്‍ എന്നിവര്‍ കണ്‍വീനര്‍മാരും ഗഫൂര്‍ കരിമ്പ, പ്രേംസി ഏബ്രഹാം എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായി 21 അംഗ കമ്മിറ്റി സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ചടങ്ങില്‍ നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, സുരേഷ് ബാബു ഷാജഹാന്‍ ഇട്ടോള്‍, പ്രേംസി ഏബ്രഹാം, സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

സഹായിക്കാന്‍ താത്പര്യമുള്ളവര്‍ റിയാസ് പറളി 0507936735, ഉണ്ണി ഗുരുവായൂര്‍ 0562266958.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം